കൊച്ചി: കളളപ്പണക്കേസില്‍ സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരെ ജയിലില്‍ വച്ച് ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് കോടതി അനുമതി നല്‍കി. ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം പാടില്ലെന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യവും കോടതി അംഗീകരിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സീസഷന്‍സ് കോടതിയാണ് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയത്.
മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാല് മണിവരെ ചോദ്യം ചെയ്യാം. ചോദ്യം ചെയ്യലിന്റെ പേരില്‍ പ്രതികളെ മാനസികമായി പീഡിപ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോടതി ഉത്തരവ് കൈമാറിയാല്‍ ഇന്ന് തന്നെ ചോദ്യം ചെയ്യല്‍ തുടങ്ങുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.
അതേസമയം, പ്രതികളെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെത്തി. ഇന്നും നാളെയും ചോദ്യം ചെയ്യുന്ന കാര്യം ഇ ഡി ജയില്‍ സൂപ്രണ്ടിനെ അറിയിച്ചിട്ടുണ്ട്.