കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ തള്ളി. കൊച്ചിയിലെ എന്‍.ഐ.എ കോടതിയാണ് സ്വപ്നയുടെ അപേക്ഷ തള്ളിയത്. സ്വര്‍ണക്കടത്തില്‍ പങ്കാളിയാണെന്ന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്. സ്വപ്നക്ക് ഉന്നതങ്ങളില്‍ സ്വാധീനമുണ്ടെന്ന എന്‍.ഐ.എയുടെ വാദം കോടതി കണക്കിലെടുത്തിരുന്നു.
കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ജാമ്യം അനുവദിച്ചാല്‍ കേസിലെ തെളിവുകളെയും അന്വേഷണത്തെയും ബാധിക്കുമെന്നുമായിരുന്നു എന്‍.ഐ.എയുടെ വാദം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി സ്വപ്നക്ക് വലിയ അടുപ്പമായിരുന്നുവെന്നും മുഖ്യമന്ത്രിയുമായും പരിചയമുണ്ടായിരു ന്നുവെന്നും ഇവര്‍ മൊഴി നല്‍കിയതായും എന്‍.ഐ.എ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ വിലയിരുത്തിയും കേസ് ഡയറി പരിശോധിച്ചുമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സ്വപ്നയുടെ വാദം.