തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സ്ഥിരീകരിച്ചു. എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ഉള്‍പ്പെടെ ജോലിക്കായി സമര്‍പ്പിച്ച ബികോം ബിരുദ സര്‍ട്ടിഫിക്കറ്റാണ് വ്യാജമെന്ന് കണ്ടെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാല ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
എയര്‍ ഇന്ത്യ സാറ്റ്‌സുമായി ബന്ധപ്പെട്ട കേസില്‍ സ്വപ്നയുടെ സര്‍ട്ടിഫിക്കറ്റ് പൊലീസ് പിടിച്ചെടുത്തിരുന്നു. കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലും ഇതേ ബിരുദമാണ് യോഗ്യതയായി കണക്കാക്കിയത്. സര്‍ട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റുകളിലെ സുരക്ഷാ മുദ്രകളൊന്നും ഇല്ലെന്നും സര്‍വകലാശാല വ്യക്തമാക്കി.
സ്വപ്ന ഈ സര്‍വകലാശാലയിലെ വിദ്യാര്‍ഥി ആയിരുന്നില്ലെന്നും സര്‍വകലാശാലയിലോ അതിനു കീഴിലുള്ള കോളജുകളിലോ ബികോം കോഴ്‌സ് തന്നെ ഇല്ലെന്നും കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ ഡോ. വിവേക് എസ് സാഥെയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.