ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കള്‍ ഇനി സഹോദരന്റെ മക്കളായ ദീപക്കിനും ദീപയ്ക്കും. ആയിരം കോടിയുടെ സ്വത്ത് തര്‍ക്കത്തില്‍ മദ്രാസ് ഹൈക്കോടതിയാണ് നിയമപരമായ പിന്തുടര്‍ച്ചാവകാശികളെ പ്രഖ്യാപിച്ചത്. അന്തരവകാശികള്‍ ആരെന്നു വില്‍പത്രമെഴുതാതെയായിരുന്നു ജയലളിതയുടെ മരണം. ഇതോടെയാണ് സ്വത്തു തര്‍ക്കം തുടങ്ങിയത്. വിധി വന്നതോടെ ജയലളിതയുടെ ഊട്ടിയിലെ കോടനാട് എസ്‌റ്റേറ്റ് അടക്കമുള്ള സ്വത്തുക്കളുടെ അവകാശികളാരെന്ന തര്‍ക്കത്തിനന് അവസാനമായി.
ചെന്നൈ പോയസ് ഗാര്‍ഡനിലെ 24000 ചതുരശ്ര അടിയുള്ള വേദനിലയമെന്ന വീട് ഏറ്റെടുത്ത് സ്മാരകമാക്കാനായിരുന്നു എ.ഡി.എം.കെ സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍, സഹോദരന്റെ മക്കളായ തങ്ങളാണ് ജയലളിതയുടെ നിയമപരാമായ പിന്തുടര്‍ച്ചക്കാരെന്ന് അവകാശപെട്ട് ദീപയും ദീപക്കും കോടതിയിലെത്തി. പോയസ് ഗാര്‍ഡനിലെ വേദനിലയം സ്മാരകമാക്കുന്നതു പുനഃപരിശോധിക്കാനും കെട്ടിടം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നത് പരിഗണിക്കണമെന്നും നിര്‍ദേശിച്ചു. വേദനിലയം സ്മാരകമാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച തമിഴ്‌നാട് സര്‍ക്കാരിനു കനത്ത തിരിച്ചടിയാണ് വിധി.
സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ജയലളിതയുടെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ ദീപക്കിനെയും ദീപയെയും അനുവദിച്ചിട്ടുണ്ട്.
ആയിരക്കണക്കിനു കോടികളുടെ ആസ്തിയാണ് ജയലളിതയ്ക്കുണ്ടായിരുന്നത്. വേദനിലയത്തിന്റെ പത്തില്‍ ഒരു ഭാഗം സ്മാരകമാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കോടതി വ്യക്തമാക്കി. ട്രസ്റ്റിനുള്ള സ്വത്തുക്കള്‍ തീരുമാനിക്കാനുള്ള അവകാശം ദീപയ്്കും ദീപക്കിനുമാണെന്നും വിധിയിലുണ്ട്. ട്രസ്റ്റ് രൂപീകരണ നടപടികള്‍ എട്ടാഴ്ചയ്ക്കം അറിയിക്കാനും കോടതി നിര്‍ദേശിച്ചു.