ചൈനീസ് ആപ്ലിക്കേഷനുകളുടെ നിരോധന വാര്‍ത്തയ്ക്കു പിന്നാലെ ടിക്ടോക്കിന് നന്ദി പറഞ്ഞ് പ്രശസ്ത ടിക്ടോക് താരം ഫുക്രു. നിരോധനത്തെക്കുറിച്ചുള്ള ഫുക്രുവിന്റെ പ്രതികരണം എന്തായിരിക്കുമെന്ന ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. രസകരമായ ഒരു വിഡിയോ പങ്കുവച്ച് ടിക്ടോക്കിന് ‘ബൈ’ പറഞ്ഞാണ് ഫുക്രു പ്രതികരിച്ചത്.
ചൈനീസിലുള്ള സംഭാഷണത്തിന് മലയാളം സബ്ടൈറ്റില്‍ നല്‍കിയാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. ‘ചൈനീസ് ആപ്പുകള്‍ നിരോധിച്ചല്ലോ, എന്തേലും മിസ് ചെയ്യുമോ’ എന്ന ചോദ്യത്തിന് ‘ടിക്ടോക്, ചെറുതായിട്ട്’ എന്നാണ് ഫുക്രുവിന്റെ ഉത്തരം. പിന്നീട് സ്വതസിദ്ധമായ ശൈലിയില്‍ ‘ബൈ’ പറയുന്നു. അദൃശ്യമായ നിരവധി തടസ്സങ്ങള്‍ മറികടക്കാനും എളിയ പരിശ്രമത്തിലൂടെ നിങ്ങളെ രസിപ്പിക്കാനും ടിക്ടോക് ഞങ്ങളില്‍ ചിലരെ സഹായിച്ചു’ എന്നു വിഡിയോയുടെ അവസാനം എഴുതി കാണിക്കുന്നു.
ടിക്ടോക്കിലൂടെ അതിവേഗം പ്രശസ്തിയിലേക്ക് ഉയര്‍ന്ന വ്യക്തിയാണ് ഫുക്രു എന്ന പേരിലറിയപ്പെടുന്ന കൊല്ലം സ്വദേശി കൃഷ്ണജീവ്. വിഡിയോകള്‍ ശ്രദ്ധ നേടിയതോടെ ഫുക്രുവിന് നിരവധി ആരാധകരെ ലഭിച്ചു. ഇതോടെ മോഡലിങ്, ഫോട്ടോഷൂട്ട്, ഉദ്ഘാടനങ്ങള്‍ എന്നിവയ്ക്ക് ക്ഷണം ലഭിച്ചു. പിന്നാലെ സിനിമയിലും ഹ്രസ്വചിത്രങ്ങളിലും റിയാലിറ്റി ഷോയിലും അവസരങ്ങള്‍. നിലവില്‍ 44 ലക്ഷം ഫോളോവേഴ്സ് ആണ് ഫുക്രുവിന് ഉള്ളത്.
ടിക്ടോക്കിനു പുറമേ ഷെയര്‍ ഇറ്റ്, യുസി ബ്രൗസര്‍, ഹലോ, ക്ലബ് ഫാക്ടറി, എക്സെന്‍ഡര്‍, വൈറസ് ക്ലീനര്‍ എന്നിവ ഉള്‍പ്പെട 59 ആപ്ലിക്കേഷനുകളാണ് ഇന്ത്യയില്‍ നിരോധിച്ചത്. ചൈനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ അയവില്ലാതെ തുടരവെയാണ് ഈ തീരുമാനം.