സ്മിജയെ തേടി​ പദ്മയെത്തി, 25 ലക്ഷത്തിന്റെ ടി​ക്കറ്റ് ഏറ്റുവാങ്ങി

കോലഞ്ചേരി: 25 ലക്ഷം രൂപയുടെ കേരളലോട്ടറി​ സമ്മര്‍ ബമ്ബര്‍ രണ്ടാം സമ്മാനത്തിന് അര്‍ഹയായ ചെന്നൈ സ്വദേശിനി​ സുബ്ബറാവു പദ്മം ഇന്നലെ ഉച്ചയോടെ ആലുവയി​ലെത്തി​ ലോട്ടറി​ ഏജന്റ് സ്മി​ജയെ കണ്ടു.

സമ്മാനമടിച്ച ടി​ക്കറ്റ് സ്മിജ സന്തോഷപൂര്‍വം പദ്മത്തെ ഏല്‍പ്പിച്ചു.

ബാങ്ക് അക്കൗണ്ടി​ലേക്ക് പണം നല്‍കി​ വാങ്ങി​യ ടി​ക്കറ്റി​ന് സമ്മാനം ലഭി​ച്ച വി​വരം സ്മി​ജ തന്നെയാണ് കഴിഞ്ഞ ദിവസം പദ്മയെ അറി​യി​ച്ചത്. ചെന്നൈയില്‍ നിന്ന് വിമാനത്തിലെത്തിയ പദ്മം ഇന്നലെ തന്നെ ഐ.സി.ഐ.സി.ഐ ബാങ്ക് ആലുവ ശാഖയില്‍ ടിക്കറ്റ് ഏല്‍പ്പിച്ചു.

കഴിഞ്ഞ വര്‍ഷത്തെ സമ്മര്‍ ബമ്ബറിന്റെ ആറ് കോടി രൂപ സ്മിജ കീഴ്മാട് സ്വദേശി ചന്ദ്രന് കടംകൊടുത്ത ടിക്കറ്റിനായിരുന്നു. നറുക്കെടുപ്പു ദിവസം തന്നെ ചന്ദ്രന്റെ വീട്ടിലെത്തി ടി​ക്കറ്റ് കൈമാറി​യതോടെയാണ് സ്മിജ ലോകശ്രദ്ധയാകര്‍ഷി​ച്ചത്.

കേരളത്തില്‍ തീര്‍ത്ഥാടനത്തിന് എത്തിയപ്പോഴാണ് വാര്‍ത്തകളി​ലൂടെ അറി​ഞ്ഞ് സ്മി​ജയെ പദ്മം പരിചയപ്പെടുന്നത്. തുടര്‍ന്ന് ബാങ്ക് വഴി പണം നല്‍കി പതി​വായി​ ടിക്കറ്റ് വാങ്ങാറുണ്ട്. ടിക്കറ്റ് സ്മിജ തന്നെ സൂക്ഷിക്കും.

ആലുവ ചെമ്ബറക്കിയില്‍ രാജഗിരി ആശുപത്രിക്ക് സമീപമാണ് സ്മിജയുടെ ലോട്ടറിക്കട. ഗണിതത്തില്‍ ബിരുദാനന്തര ബിരുദക്കാരിയാണെങ്കിലും ചെറുപ്പം മുതല്‍ ലോട്ടറിയോട് കൂട്ടുകൂടി ജീവിച്ച സ്മിജ പി.എസ്.സി പരീക്ഷകള്‍ വരെ ഉപേക്ഷിച്ചാണ് ലോട്ടറിക്കച്ചവടത്തിലേക്ക് തിരിഞ്ഞത്. പഠിക്കാന്‍ പോകുന്ന സമയത്തും പോക്കറ്റ് മണിക്കായി ലോട്ടറി വില്പനയുണ്ടായിരുന്നു. ഭര്‍ത്താവ് രാജേശ്വരനും സഹായത്തിന് ഒപ്പമുണ്ട്. പട്ടിമറ്റത്താണ് താമസം.

Related posts

Leave a Comment