സ്‌കൂബ ഡൈവേഴ്‌സ് നദിയില്‍ മുങ്ങിത്തപ്പുന്നു; അര്‍ജുന്റെ ലോറിയില്‍ ഉണ്ടായിരുന്നെന്ന് കരുതുന്ന തടി 8 കിമി അകലെ നിന്നും കണ്ടെത്തി

അങ്കോല: അര്‍ജുനനെ കണ്ടെത്താനായുള്ള പരിശോധനയ്ക്കായി സ്‌കൂബ ഡൈവേഴ്‌സ് നദിയില്‍ മുങ്ങിത്തപ്പുന്നു. അതെസമയം അര്‍ജുന്റെ ലോറിയില്‍ ഉണ്ടായിരുന്നെന്ന് കരുതുന്ന തടി 8 കിമി അകലെ നിന്നും കണ്ടെത്തിയിട്ടുണ്ട്.

രണ്ട് നാവികര്‍ പുഴയിലേക്ക് ഇറങ്ങി പരിശോധിക്കുകയാണ്. പുഴയിലുള്ള ലോറിയുടെ സ്ഥാനം കൃത്യമായി തിരിച്ചറിയാനായെന്നാണ് സൂചന. മുങ്ങല്‍ വിദഗ്ധരുടെ പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും ആരംഭിച്ചു.

സ്‌കൂബ ടീമിന് സാങ്കേതിക സഹായമൊരുക്കുന്നതിന് മലയാളിയായ റിട്ട.മേജര്‍ ജനറല്‍ എം.ഇന്ദ്രബാലനടങ്ങുന്ന സംഘവുമാണ്. വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താനുള്ള ഐബിഒഡി എന്ന അത്യാധുനിക സംവിധാനം ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്.

നാവികസേനയുടെ സോണാര്‍ ഉപയോഗിച്ച്‌ നടത്തിയ പരിശോധനയില്‍ പുഴയ്ക്ക് അടിയില്‍ കണ്ടെത്തിയ ലോറി കരയിലേക്കെത്തിക്കാനുള്ള നിര്‍ണായക ദൗത്യമാണ് നടന്നു കൊണ്ടിരിക്കുന്നത്.

ദൗത്യത്തിന്റെ ആദ്യഘട്ടമായി മുങ്ങല്‍ വിദഗ്ധര്‍ മൂന്നുബോട്ടുകളിലായി ലോറിയുണ്ടെന്ന് അനുമാനിക്കുന്ന ഭാഗത്ത് പരിശോധന നടത്തിയിരുന്നു.

ഒഴുക്കും പുഴക്ക് അടിയിലുള്ള കാഴ്ചയുമാണ് പരിശോധിച്ചത്. കലങ്ങിമറിഞ്ഞ വെള്ളവും ശക്തമായ അടിയൊഴുക്കും കാരണം ഇപ്പോഴും ലോറിയുണ്ടെന്ന് കരുതുന്ന അടിത്തട്ടിലേക്ക് ഇറങ്ങുന്നതിന് വെല്ലുവിളിയായി തുടരുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Related posts

Leave a Comment