തൃശൂര്‍ : കുട്ടനെല്ലൂരില്‍ വനിതാ ഡോക്ടര്‍ സോനയ്ക്ക് (30) സുഹൃത്ത് മഹേഷിന്റെ കുത്തേറ്റത് വീണത് ബന്ധുക്കളുടെ മുന്നില്‍ വച്ച്. കൊലപാതകത്തിലേക്ക് നയിച്ചത് പണം തിരികെ ചോദിച്ചതിലും പാെലീസില്‍ പരാതി കൊടുത്തതിലുമുള്ള വൈരാഗ്യമാണെന്നാണ് സൂചന. മദ്ധ്യസ്ഥ ചര്‍ച്ചയ്ക്ക് എന്ന പേരില്‍ ഇയാള്‍ എത്തിയത് സോനയെ വകവരുത്താന്‍ ആയിരുന്നെന്ന് സോനയുടെ ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി സോനയെ മഹേഷ് പീഡിപ്പിച്ച് തടങ്കലിലാക്കിയിരിക്കുക യായിരുന്നുവെന്നും സിറ്റിപൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. മാതാപിതാക്കളുമായി സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
സോനയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പടെയുള്ളവ ഇയാള്‍ കൈവശപ്പെടുത്തിയിരുന്നു. സോന കൊല്ലപ്പെടുന്നതിന് കുറച്ചു ദിവസം മുമ്ബാണ് വീട്ടിലെത്തി കാര്യങ്ങള്‍ പറഞ്ഞതും വിഷയത്തില്‍ ബന്ധുക്കള്‍ ഇടപെട്ടതും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ മഹേഷുമായി സൗഹൃദത്തിലായിരുന്നു സോന. ഒരു കൂട്ടുകാരിയുടെ ബന്ധുവാണ് മഹേഷ് എന്നാണു വിവരം. പഠന ശേഷം അങ്കമാലി ഭാഗത്തുള്ള ഒരാളെ വിവാഹം കഴിച്ചെങ്കിലും രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവുമായി സോന അകന്നു. തുടര്‍ന്ന് വിദേശത്ത് ഉള്‍പ്പെടെ സോന ജോലി ചെയ്‌തെങ്കിലും മഹേഷ് സൗഹൃദം സ്ഥാപിച്ച് നാട്ടില്‍ കൊണ്ടുവരികയായിരുന്നു.
മഹേഷിന്റെ നിര്‍ബന്ധത്തിനാണ് കുട്ടനല്ലൂരില്‍ ഡന്റല്‍ ക്ലിനിക് ആരംഭിച്ചത്. അതിനുള്ള സ്ഥലം കണ്ടു പിടിച്ചതടക്കം സഹായങ്ങള്‍ ചെയ്തതും മഹേഷായിരുന്നു. തൃശൂര്‍ കുരിയച്ചിറയില്‍ ഇരുവരും ഒരുമിച്ച് ഭാര്യയും ഭര്‍ത്താവും എന്ന നിലയില്‍ താമസിക്കുകയായിരുന്നു. ക്ലിനിക് നടത്തിപ്പിന് സൗകര്യം ഒരുക്കിയത് മഹേഷാണെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുമിച്ച് താമസിക്കുന്ന വിവരം സോന വീട്ടില്‍ അറിയിച്ചിരുന്നില്ല. എതിര്‍ത്താല്‍ ഇക്കാര്യങ്ങള്‍ വീട്ടില്‍ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇക്കാലമത്രയും കൂടെ താമസിപ്പിച്ചതും പണം തട്ടിയെടുത്തതുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ക്ലിനിക്കിലെ വരുമാനം മുഴുവന്‍ മഹേഷിന്
കഴിഞ്ഞ ഒരു വര്‍ഷമായി ക്ലിനിക്കിലെ വരുമാനം മുഴുവന്‍ മഹേഷ് തട്ടിയെടുക്കുയായിരുന്നു. 2018 19 സാമ്ബത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ലഭിച്ച 22 ലക്ഷം രൂപ മഹേഷ് തട്ടിയെടുത്തിരുന്നു. ഇതിനു പുറമേ ചിട്ടി നടത്തിപ്പിലൂടെ ലഭിച്ച ഏഴു ലക്ഷം രൂപയും ക്ലിനിക് തുടങ്ങുമ്ബോള്‍ ഇന്റീരിയര്‍ വര്‍ക്കുകള്‍ക്കെന്ന പേരില്‍ ആറര ലക്ഷം രൂപയും സോനയില്‍നിന്ന് ഇയാള്‍ കൈക്കലാക്കിയിരുന്നു. ഇക്കാര്യം സോന വീട്ടുകാരെ അറിയിച്ചതോടെ അവര്‍ സ്ഥലത്തെത്തി കഴിഞ്ഞ 25ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കി. ഇത് ഒല്ലൂര്‍ സി.ഐക്ക് കൈമാറുകയും അന്വേഷണത്തിന് നിര്‍ദ്ദേശിക്കുകയും ചെയ്തു. സിഐ അറിയിച്ചതനുസരിച്ചാണ് 29ന് സോനയും പിതാവും കുടുംബ സുഹൃത്തും പൊലീസ് സ്റ്റേഷനിലെത്തുന്നത്. കാര്യങ്ങള്‍ പൊലീസിനോട് വിശദീകരിച്ചപ്പോള്‍ മഹേഷിനെ പൊലീസ് വിളിച്ചെങ്കിലും വന്നില്ല. പൊലീസ് വിളിച്ചിട്ട് ഫോണെടുക്കാതെ വന്നതോടെ സോനയുടെ ഫോണില്‍ നിന്ന് വിളിച്ച് സി.ഐ സംസാരിച്ചു. സി.ഐയോട് ഉടനെത്തുമെന്ന് പറഞ്ഞെങ്കിലും പലപ്രാവശ്യം വിളിച്ചിട്ടും ഒഴിഞ്ഞുമാറി. ഒന്നര മണിക്കൂര്‍ സ്റ്റേഷനില്‍ കാത്തു നിന്നിട്ടും എത്താതിരുന്നതിനാല്‍ ഇവര്‍ ക്ലിനിക്കിലേക്കു പോയി.
തുടര്‍ന്ന് മദ്ധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കാമെന്നും കേസ് പിന്‍വലിക്കാമെന്നും സോനയുടെ ബന്ധുക്കള്‍ പറഞ്ഞതോടെ നേതാവ് മഹേഷുമായി ക്ലിനിക്കിലെത്തി. ഇന്റീരിയര്‍ വര്‍ക്കിന് നല്‍കിയ 20 ലക്ഷം രൂപ കിട്ടാനുണ്ടെന്നും അതു ലഭിച്ചാല്‍ പ്രശ്നം പരിഹരിക്കാമെന്നുമായിരുന്നു മഹേഷിന്റെ നിലപാട്. ഇന്റീരിയര്‍ വര്‍ക്കിന് നല്‍കിയ അഞ്ച് ലക്ഷത്തിന്റെ കണക്ക് സോന കാണിച്ചതോടെ മഹേഷിന്റെ ഒപ്പമെത്തിയവരും നിലപാടില്‍നിന്ന് പിന്‍വാങ്ങി. ബന്ധുക്കളുടെയും പൊലീസിന്റെയും ഇടപെടലോടെ സോനയുമായുള്ള ബന്ധം വിച്ഛേദിക്കേണ്ടി വരുമെന്നും ക്ലിനിക്കില്‍ നിന്നുള്ള വരുമാനം നിലയ്ക്കുമെന്നും മനസ്സിലായതോടെ മഹേഷ് കൊലയ്ക്ക് പദ്ധതി തയ്യാറാക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.