ആലപ്പുഴ: മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയില്‍ നിന്നും വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തെയാള്‍ പിടിയില്‍.
പത്തനംതിട്ട പെരുമ്ബെട്ടി തേനയംപ്ലാക്കല്‍ സജികുമാര്‍ (47) ആണ് അറസ്റ്റിലായത്. തട്ടിപ്പിനിരയായ മാവേലിക്കര സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം കോട്ടയം നാട്ടകത്തു നിന്നാണ് മണവാളന്‍ സജി എന്ന് വിളിപ്പേരുള്ള സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഓണ്‍ലൈന്‍ വിവാഹപംക്തികളില്‍ പരസ്യം നല്‍കുന്ന യുവതികളുടെ വീട്ടുകാരുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് സജിയുടെ തട്ടിപ്പിന്റെ തുടക്കം.
വിശ്വസനീയമായ നിലയില്‍ പല കാരണങ്ങള്‍ പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തു മുങ്ങുന്നതാണ് രീതി. മാട്രിമോണിയല്‍ സൈറ്റിലെ പരസ്യം കണ്ടാണ് സജി മാവേലിക്കര സ്വദേശിനിയെ ബന്ധപ്പെടുന്നത്.
നിരന്തരം ഓണ്‍ലൈനിലൂടെ ബന്ധപ്പെട്ടിരുന്ന സജി ഒരു ദിവസം തന്റെ ആഡംബര കാര്‍ അപകടത്തില്‍പെട്ടെന്നും നന്നാക്കാനായി രണ്ടര ലക്ഷം രൂപ ആവശ്യമാണെന്നും യുവതിയോട് അറിയിച്ചു.
ഉടനെ തിരികെ തരാമെന്ന് പറഞ്ഞതോടെ മാവേലിക്കര സ്വദേശിനി സജിയ്ക്ക് പണം അയച്ചുകൊടുക്കുകയായിരുന്നു. എന്നാല്‍ പണം ലഭിച്ചതിന് പിന്നാലെ സജി യുവതിയുമായുള്ള കോണ്ടാക്‌ട് അവസാനിപ്പിച്ചു.
ഫോണ്‍വിളിയും മെസേജുകളും നിലച്ചതോടെയാണ് യുവതി പറ്റിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. സജിയെ കിട്ടാതായതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ സൗഹൃദം സ്ഥാപിച്ച സമയത്തു സജി തനിക്ക് അയച്ച് നല്‍കിയ സെല്‍ഫി യുവതി പൊലീസിന് കൈമാറി.
ഈ സെല്‍ഫിയില്‍ പ്രതി ധരിച്ചിരുന്ന ടീ ഷര്‍ട്ടാണ് കേസിലെ സുപ്രധാന തെളിവായി മാറിയത്.
കോട്ടയം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്നായി ഒട്ടേറെ സ്ത്രീകളില്‍നിന്ന് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
സജിയുടെ മൊബൈല്‍ നമ്ബര്‍ പിന്തുടര്‍ന്ന പോലീസ് കോട്ടയം ചിങ്ങവനം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നാട്ടകത്തുള്ള വാടക വീട്ടില്‍നിന്നാണ് പിടികൂടിയത്.