സെല്‍ഫിയെടുക്കുന്നതിനിടെ നവവധു ക്വാറിയില്‍ വീണു; പിന്നാലെ ചാടി വരന്‍

സെല്‍ഫിയെടുക്കുന്നതിനിടെ പാറക്വാറിയില്‍ വീണ് പ്രതിശ്രുത വധുവിനും വരനും പരുക്കേറ്റു.

പരവൂര്‍ കൂനയില്‍ അശ്വതികൃഷ്ണയില്‍ വിനു കൃഷ്ണന്‍, കല്ലുവാതുക്കല്‍ ശ്രീരാമപുരം അറപ്പുരവീട്ടില്‍ സാന്ദ്ര എസ്.കുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.പാരിപ്പള്ളി വേളമാനൂര്‍ കാട്ടുപുറം പാറക്വാറിയിലെ കുളത്തില്‍ വ്യാഴാഴ്ചയായിരുന്നു അപകടമുണ്ടായത്.

ഇരുവരും ദര്‍ശനത്തിനായി വിവിധ ക്ഷേത്രങ്ങളില്‍ പോയിരുന്നു. തുടര്‍ന്നാണ് വേളമാനൂര്‍ കാട്ടുപുറത്തെത്തിയത്. പാറ പൊട്ടിച്ച്‌ 120-ലധികം അടി താഴ്ചയുള്ളതാണ് ക്വാറി. സെല്‍ഫിയെടുക്കുന്നതിനിടെ സാന്ദ്ര കാല്‍ വഴുതി ക്വാറിയില്‍ വീഴുകയായിരുന്നു.

തുടര്‍ന്ന് രക്ഷിക്കാനായി വിനു കൃഷ്ണന്‍ കൂടെച്ചാടി. വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന സാന്ദ്രയെ വിനു കൃഷ്ണന്‍ രക്ഷിച്ച്‌ പാറയില്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു.

സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിനെത്തിയ യുവാവ് സംഭവം കണ്ട് പ്രദേശവാസികളെയും പൊലീസിനെയും വിവരമറിയിച്ചു.

പാരിപ്പള്ളി പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

പ്രദേശവാസികളായ രണ്ടുയുവാക്കളുടെ നേതൃത്വത്തില്‍ കുളത്തിലിറങ്ങി ചങ്ങാടത്തില്‍ ഇരുവരെയും രക്ഷിച്ച്‌ കരയ്‌ക്കെത്തിക്കുകയായിരുന്നു.

പരുക്കേറ്റ ഇരുവരും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്.

പരുക്കേറ്റ് ആശുപത്രിയിലായതിനാല്‍ വിവാഹം മാറ്റിവെച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

Related posts

Leave a Comment