സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചതില്‍ മുന്നണിയില്‍ ആര്‍ക്കും എതിര്‍പ്പില്ല ; സിപിഐ നേതാക്കളും വരുമെന്ന് എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: ഏക സിവില്‍കോഡുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചതില്‍ മുന്നണിയില്‍ അഭിപ്രായഭിന്നതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.

ഗോവിന്ദന്‍. സിപിഐയ്ക്ക് എതിര്‍പ്പുണ്ടെന്ന വാദം അദ്ദേഹം തള്ളി. സിപിഐ നേതാക്കളും സെമിനാറില്‍ പങ്കെടുക്കുമെന്ന് ഗോവിന്ദന്‍ പറഞ്ഞു. ലീഗിനെ ക്ഷണിച്ചതില്‍ സിപിഐയ്ക്ക് എതിര്‍പ്പുണ്ടെന്ന് വാര്‍ത്ത വന്നിരുന്നു.

നിയമത്തിന്റെ കരട് പോലും ആകുന്നതിനു മുന്‍പു നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യമെന്നും ലീഗിനുള്ള ക്ഷണവും തുടര്‍ന്നുണ്ടായ വിവാദങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും പാര്‍ട്ടി വിലയിരുത്തിയിരുന്നു.

ഈ ആഴ്ച അവസാനം ചേരുന്ന ദേശീയ നേതൃയോഗത്തിനു ശേഷം നിലപാട് പ്രഖ്യാപിക്കുമെന്നിരിക്കെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം വന്നിരിക്കുന്നത്.

2018 ല്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് ബല്‍ബീര്‍ സിങ് ചൗഹാന്‍ ചെയര്‍മാനായ 21 ാം ലോ കമ്മീഷന്‍ എക സിവില്‍ കോഡ് അപ്പോള്‍ അനാവശ്യമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കഴിഞ്ഞ നംവബറില്‍ രൂപീകരിച്ച റിട്ടയേഡ് ജസ്റ്റിസ് ഋതുരാജ് അവാസ്തി ചെയര്‍മാനായ 22ാം ലോകമ്മീഷനാകട്ടെ റിപ്പോര്‍ട്ട് പൂര്‍ത്തീകരിച്ചിട്ടുമില്ല.

കരടുപോലും ആകാത്ത നിയമത്തിലാണ് സംസ്ഥാനത്തെ ചര്‍ച്ചകളെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു.

അതേസമയം നേതാക്കാളാരും ഇതുവരെ പരസ്യപ്രതികരണങ്ങള്‍ക്ക് തയാറാട്ടില്ല. വെള്ളിയാഴ്ച മുതല്‍ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ നേതൃയോഗങ്ങള്‍ക്കു ശേഷമായിരിക്കും സിപിഐ നിലപാട് പരസ്യമായി പറയുക.

യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ ലീഗിനോടുള്ള സിപിഎമ്മിന്റെ മൃദുസമീപനം സിപിഐയുടെ ഉറക്കം കെടുത്തുന്ന കാര്യം കൂടിയാണ്.

എന്നാല്‍ സെമിനാറില്‍ പങ്കെടുക്കില്ലെന്നാണ് ലീഗ് വ്യക്തമാക്കിയിട്ടുള്ളത്.

യുഡിഎഫ് യോഗത്തില്‍ വിഷയം ഉന്നയിക്കനാണ് അവരുടെ താല്‍പ്പര്യം.

Related posts

Leave a Comment