സെന്തില്‍ ബാലാജിയുടെ നില ഗുരുതരം; ഹൃദയധമനികളില്‍ മൂന്ന് ബ്ലോക്കുകള്‍; ജനം ബിജെപിക്ക് മറുപടി നല്‍കുമെന്ന് സ്റ്റാലിന്‍

ചെന്നൈ: നിയമനത്തിന് കോഴ വാങ്ങിയെന്ന കേസില്‍ ഇ.ഡി കസ്റ്റഡിയിലെടുത്ത തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് മന്ത്രി സെന്തില്‍ ബാലാജിയുടെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍.

ഹൃദയധമിനികളില്‍ മൂന്ന് വലിയ ബ്ലോക്കുകള്‍ സ്ഥിരീകരിച്ചു. അടിയന്തരമായി ബൈപ്പാസ് ശസ്ത്രക്രിയ നടത്തണമെന്നും ആശുപത്രി അധികൃതര്‍ ഔദ്യോഗിക ബുള്ളറ്റിനില്‍ പറയുന്നു.

ഇ.ഡി കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട സെന്തിലിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ ചെവിക്കു പിറകിലായി വലിയ മുഴയും കണ്ടിരുന്നു.

ആശുപത്രിയില്‍ ഐസിയുവിലാണ് അദ്ദേഹം. എയിംസില്‍ നിന്ന് ഡോക്ടര്‍മാരെ എത്തിച്ച്‌ വിദഗ്ധ പരിശോധന നടത്താന്‍ ഇ.ഡി തീരുമാനിച്ചിരുന്നു. അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ഒമന്‍ഡൂരാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കേന്ദ്രസേനയെ സുരക്ഷയ്ക്ക് വിന്യസിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അടക്കമുള്ളവര്‍ സെന്തിലിനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു.

ബിജെപിയുടെ ഭീഷണി രാഷ്ട്രീയത്തില്‍ ഭയപ്പെടില്ലെന്നും ബിജെപിക്ക് 2024ല്‍ ജനം മറുപടി നല്‍കുമെന്നും സെന്തിലിനിടെ കണ്ടശേഷം സ്റ്റാലിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിനെ ഡിഎംകെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാവിലെ ഇ.ഡി ആരംഭിച്ച റെയ്ഡിനു ശേഷം പുലര്‍ച്ചെ ഒരു മണിയോടെയാണ് സെന്തിലിനെ കസ്റ്റഡിയില്‍ എടുത്തത്. സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്റെ ഓഫീസ് പൂട്ടിയ ശേഷമായിരുന്നു പരിശോധന.

അതിനിടെ, സെന്തിലിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ കോടതിയേയും സമീപിച്ചിട്ടുണ്ട്.

മറ്റന്നാള്‍ കോയമ്ബത്തുരില്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഡിഎംകെ തീരുമാനം. സഖ്യകക്ഷികളും പ്രതിഷേധത്തില്‍ പങ്കെടുക്കും.

സെന്തില്‍ ബാലാജിക്കെതിരായ ഇ.ഡി നടപടിയെ വിമര്‍ശിച്ച്‌ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. പ്രതിപക്ഷത്തിനെതിരായ രാഷ്ട്രീയ വൈരാഗ്യവും ഉപദ്രവിക്കലുമാണിതെന്ന് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ പ്രതികരിച്ചു.

സെന്തിലിനിനെതിരായ നടപടിയില്‍ അപലപിക്കുന്നു. ഇത്തരം നീക്കത്തെ പ്രതിപക്ഷം അംഗീകരിക്കില്ലെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

Related posts

Leave a Comment