സൂരജ് പാമ്പിനെ കൊണ്ടുവന്ന കുപ്പി കണ്ടെടുത്തു, ഉത്രയുടെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി, രോഷാകുലരായി മാതാപിതാക്കള്‍

കൊല്ലം: ഭാര്യയെ പാമ്പിനെക്കൊണ്ട് കൊത്തിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. രാവിലെ അഞ്ചരയോടെയാണ് ഒന്നാം പ്രതിയായ സൂരജിനെ മരിച്ച ഉത്രയുടെ വീട്ടില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയത്. പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക്ക് കുപ്പി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഫൊറന്‍സിക് സംഘത്തിന് ഈ കുപ്പി കൈമാറും.

അറസ്റ്റിലായ ഭര്‍ത്താവ് സൂരജിനെ ചോദ്യം ചെയ്ത പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കരിമൂര്‍ഖനെ കൊണ്ട് ഉത്രയെ കടിപ്പിച്ചുവെന്നാണ് സൂരജ് മൊഴി നല്‍കിയത്. ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു സൂരജിന്‍റെ ലക്ഷ്യം. ഉത്ര മരിച്ച ദിവസം തന്നെ വീട്ടുകാര്‍ ഉത്രക്ക് നല്‍കിയ 110 പവനില്‍ നിന്ന് 92 പവന്‍ ലോക്കറില്‍ നിന്ന് സൂരജ് എടുത്തിരുന്നു. തീര്‍ത്തും സ്വാഭാവികമായുള്ള മരണമെന്ന് വരുത്തിത്തീര്‍ക്കാനാണ് പാമ്പിനെ ഉപയോഗിച്ച്‌ കടിപ്പിച്ചത്. ഉത്രയെ പാമ്പ്കടിക്കുന്നത് നോക്കി നിന്നുവെന്നും മരണം ഉറപ്പാക്കിയ ശേഷം കട്ടിലില്‍ ഉറങ്ങാതെ ഇരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി.

വലിയ ബാഗിലാക്കിയാണ് സൂരജ് കരിമൂര്‍ഖനെ വീട്ടിലേക്ക് കൊണ്ടുവന്നത്. ഉറങ്ങി കിടന്ന രാത്രി ഉത്രയുടെ മുകളില്‍ പാമ്പിനെ കുടഞ്ഞിട്ടുവെന്നും രണ്ട് പ്രാവശ്യം പാമ്പ് ഉത്രയെ കൊത്തിയെന്നും സൂരജ് മൊഴി നല്‍കി. രാവിലെ എഴുന്നേല്‍ക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടര്‍ന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് ഉത്രയെ അബോധാവസ്ഥയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌.പി അശോകന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. പറമ്പില്‍ നിന്നും സൂരജാണ് പാമ്പിനെ കൊണ്ടുവന്ന കുപ്പി പൊലീസിന് കാട്ടിക്കൊടുത്തത്. അപ്രതീക്ഷിതമായാണ് അന്വേഷണസംഘം പ്രതി സൂരജിനെ ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചത്. പ്രതിയെ വീട്ടിലെത്തിച്ചപ്പോള്‍ ഉത്രയുടെ മാതാപിതാക്കള്‍ രോഷാകുലരായി. അവനെ വീട്ടില്‍ കയറ്റരുതെന്ന് ഉത്രയുടെ അമ്മ കരഞ്ഞുകൊണ്ട് പൊലീസിനോട് പറഞ്ഞു.

കേസില്‍ സാക്ഷികളില്ലാത്തതിനാല്‍ സാഹചര്യത്തെളിവുകളാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതിന്റെ ഭാഗമായിട്ടാണ് ഞായറാഴ്ച അറസ്റ്റ് ചെയ്ത സൂരജിനെ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് ഉത്രയുടെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയത്. ഫൊറന്‍സിക് വിദഗ്ദ്ധരും പരിശോധന നടത്തുന്നുണ്ട്. പാമ്പിനെ കൊണ്ടുവന്ന പാത്രം, എന്തൊക്കെയാണ് ചെയ്തത് എന്നതു സംബന്ധിച്ച മൊഴി തുടങ്ങിയ പ്രാഥമിക തെളിവുകളാണ് ശേഖരിക്കുന്നത്. അടൂരില്‍ സൂരജിന്റെ വീട്ടിലും തെളിവെടുപ്പ് നടത്തും.

Related posts

Leave a Comment