അഞ്ചൽ∙ ചെറുമകനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഉത്രയുടെ പിതാവ് വിജയസേനന്‍. സൂരജിന്റെ വീട്ടുകാർക്ക് ക്രിമിനല്‍ സ്വഭാവമാണ്. അവർക്കൊപ്പം മകന് വളരുന്നതിൽ ആശങ്കയുണ്ട്. കഴിഞ്ഞ ആറുമാസമായി മകളെ കൊല്ലാൻ സൂരജ് പദ്ധതിയിട്ടിരുന്നതായുള്ള വിവരമാണ് ലഭിക്കുന്നതെന്നും ഉത്രയുടെ പിതാവ് വിജയസേനൻ പറഞ്ഞു.
ഒന്നരവയസുള്ള മകനാണ് ഉത്രയ്ക്കും സൂരജിനും ഉള്ളത്. ഉത്രയെ കൊന്നശേഷം മകനെ സൂരജ് ഇവിടെനിന്നും കൂട്ടിക്കൊണ്ടുപോയിരുന്നു. ഇത്ര ക്രൂരകൃത്യം ചെയ്ത ഒരാളുടെ കൂടെ മകളുടെ കുഞ്ഞ് വളരുന്നത് ആലോചിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.
ഉത്രയുടെ കൊലപാതകത്തിൽ സൂരജുമായി പൊലീസ് തെളിവെടുപ്പ് തുടരുകയാണ്. ഉത്രയുടെ വീട്ടിലും സൂരജിന്റെ വീട്ടിലുമാണ് ഇന്ന് തെളിവെടുക്കുക. പരമാവധി ശിക്ഷ സൂരജിന് ഉറപ്പാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സൂരജിന്റെ വീട്ടുകാർക്ക് കൃത്യത്തിൽ പങ്കുണ്ടോയെന്നും അന്വേഷിക്കും. എന്നാല്‍, പാമ്പിനെ നല്കിയ സുരേഷിനെതിരെ കൊലക്കുറ്റം ചുമത്തുന്നതില്‍ അന്തിമതീരുമാനമായില്ല. ഗൂഢാലോചന, സഹായം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാവും ചുമത്തുക.