സൂരജിന്റെ നുണകള്‍ ഒന്നൊന്നായി പൊളിച്ച് പൊലീസ്

കൊല്ലം ∙ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി സൂരജിന് കൂടുതൽ പേരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് െപാലീസ്. സാക്ഷിമൊഴികൾക്ക് പുറമേ ശാസ്ത്രീയ തെളിവുകളും ശേഖരിക്കുകയാണ് െപാലീസ്. പ്രദേശത്ത് കാണാത്തയിനം പാമ്പിനെ ഉപയോഗിച്ചാണ് സൂരജ് കൃത്യം നടത്തിയതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പാമ്പിനെ കൈമാറിയതിനു സാക്ഷികൾ ഉണ്ട്. സൂരജിന് അണലിയെ നൽകാൻ അംബാസഡർ കാറിൽ എത്തിയ സുരേഷിനൊപ്പം മൂന്ന് പേർ കൂടി ഉണ്ടായിരുന്നതായി െപാലീസ് സ്ഥിരീകരിച്ചു. സൂരജിനെ ആദ്യം ചോദ്യം ചെയ്തപ്പോൾസമ്മതിക്കാൻ തയാറായിരുന്നില്ല.
വന്യജീവികളോട് അറപ്പും വെറുപ്പുമാണെന്നായിരുന്നു ആദ്യ മൊഴി. പാമ്പുപിടുത്തക്കാരൻ സുരേഷുമായി പൊലീസ് എത്തിയപ്പോൾ വീണ്ടും മൊഴി മാറ്റി. സംസ്ഥാനത്തെ പ്രമുഖ പാമ്പ് പിടിത്തക്കാരൻ വാവ സുരേഷാണ് കല്ലുവാതുക്കൽസുരേഷിനെ പരിചയപ്പെടുത്തിയെന്നായിരുന്നു സൂരജ് പറഞ്ഞ കളവ്. ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ വാവ സുരേഷുമായി ബന്ധപ്പെട്ടതോടെ സൂരജിന്റെ മൊഴി പൊളിഞ്ഞു. ചോദ്യം ചെയ്യലിൽ കൊലപാതകത്തിന്റെ പൂർണ വിവരണം ഇയാൾ കൃത്യമായിനൽകി.


മാർച്ചിന് രണ്ടിന് രാത്രി 12.45ന് ഉത്രയ്ക്കു കടിയേറ്റെന്നാണ് സൂരജ് നൽകിയ മൊഴി. എന്നാൽ ഉത്രയെ ആശുപത്രിയിൽ എത്തിക്കാൻ പുലർച്ചെ 3.30 വരെ എന്തിനു കാത്തുവെന്ന ചോദ്യത്തിനു സൂരജിന് മറുപടിയുണ്ടായില്ല.വെറും 15 മിനിറ്റ് കൊണ്ട് യാത്ര ചെയ്യാവുന്ന സ്ഥലമാണിത്. പിന്നീട് ഉത്രയുടെ സഹോദരനു കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചു. ഇതും പൊളിഞ്ഞു.
സൂരജും ഉത്രയും കിടന്ന എയർ കണ്ടീഷൻ ചെയ്ത മുറിയുടെ ജനലിലൂടെ പാമ്പ് എത്തിയെന്ന് പറഞ്ഞെങ്കിലും അതും സ്ഥാപിക്കാൻ കഴിഞ്ഞില്ല. ഉത്ര മരിച്ചതിനു ശേഷം അഞ്ചൽ പൊലീസ് സൂരജിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആമൊഴി അനുസരിച്ച് ജനാലയ്ക്ക് സമീപം അന്ന് കിടന്നിരുന്നത് സൂരജ് ആയിരുന്നു. അതിനാൽ ആദ്യം ഇയാൾക്കായിരിക്കും കടിയേൽക്കുക എന്ന് ചൂണ്ടിക്കാണിച്ചതോടെ മൊഴി തിരുത്തി.
ഉറക്കത്തിൽ വിഷപ്പാമ്പിന്റെ കടിയേറ്റാൽ ഉണരുമെന്നാണ് ഈ രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നത്. എന്നാൽ ഉത്ര ഉണർന്നില്ല. 8ന് ഉത്രയെ ആശുപത്രിയിലെത്തിച്ചു മുറിവ് ഡ്രസ് ചെയ്യേണ്ട ദിനമായിരുന്നു. സാധാരണ തലേ ദിവസം വരാറുള്ള സൂരജ് ഒരു ദിവസം മുൻപേ എത്തി എല്ലാവർക്കും ജ്യൂസ് ഉണ്ടാക്കി നൽകിയതായി പൊലീസ് സ്ഥിതീകരിച്ചിരിക്കുന്നു.
എന്നാൽ മയക്കികിടത്തിയതിനു ശേഷമാണോ പാമ്പിനെ െകാണ്ടുവിട്ടതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. തലവേദനയ്ക്കെന്ന പേരിൽ ഉത്രയ്ക്കു താൻ ചില മരുന്നുകൾ നൽകിയതായി സൂരജ് സമ്മതിച്ചു. സൂരജിന്റെ കുടുംബാംഗങ്ങൾക്ക് ഉൾപ്പടെ മറ്റ് ചിലർക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഉത്രയുടെ കുടുംബം ആരോപിക്കുന്ന സാഹചര്യത്തിൽ സൂരജിന്റെ സഹോദരി ഉൾപ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്യും. ഉത്രയെ കടിച്ച മൂർഖൻപാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാനും െപാലീസ് തീരുമാനിച്ചിട്ടുണ്ട്. പാമ്പിന്റെ പല്ലിന്റെ വലിപ്പവും മുറിവിന്റെ ഘടനയും ബന്ധപ്പെടുത്തിയാകും പരിശോധന.


രണ്ടുതവണ മകൾക്ക് വീടിനുള്ളിൽ നിന്ന് പാമ്പുകടിയേറ്റതിൽ മാതാപിതാക്കൾ പ്രകടിപ്പിച്ച സംശയമാണ് കേട്ടുകേൾവിയില്ലാത്ത കൊലപാതകത്തിന്റെ കഥ പുറത്ത് കൊണ്ടുവന്നത്. തുടർന്നുണ്ടായ സംഭവങ്ങൾ അവർ ഒന്നൊന്നായി ഓർത്തെടുത്തു. എസ്പിക്ക് നൽകിയ പരാതിയിൽ ഉന്നയിച്ച സംശയങ്ങളാണ് നിർണായകമായത്. രണ്ടുതവണയും ഉത്രയ്ക്ക് പാമ്പുകടിയേറ്റത് വീടിനുള്ളിൽ വച്ചാണ്. രണ്ടുതവണയും പാമ്പ് കൊത്തിയത് ഉത്ര അറിഞ്ഞില്ലെന്നത് അവിശ്വസനീയമാണ്.ഫെബ്രുവരി 29 നാണ് ആദ്യം വീട്ടിൽ പാമ്പിനെ കാണുന്നത്. പാമ്പാട്ടിയുടെ കൈവഴക്കത്തോടെ സൂരജ് അതിനെ പിടികൂടി.
ഉത്രയുടേയും സൂരജിന്റെയും പേരിലാണ് ലോക്കറിൽ സ്വർണം വച്ചിരുന്നത്. ഭാര്യയോട് പറയാതെ മാർച്ച് രണ്ടിന് സൂരജ് ബാങ്കിലെത്തി. അന്നേ ദിവസം രാത്രി ഉത്രയ്ക്കു പാമ്പു കടിയേറ്റു. പാമ്പുകടിയേറ്റ് ചികിൽസയിലായിരിക്കവേ മേയ് ആറിന് ഉത്രയുടെ വീട്ടിലേക്ക് സൂരജ് എത്തി. പന്ത്രണ്ടരയ്ക്ക് ശേഷം ഉറങ്ങിയെന്നാണ് സൂരജിന്റെ മൊഴി. രാവിലെ ഏഴു മണി കഴിയാതെ, ചായ ബെഡിൽ എത്താതെ എഴുന്നേൽക്കാത്ത സൂരജ് അന്ന് രാവിലെ ആറുമണിക്ക്ഉണർന്നു. ഭാര്യ അനക്കമില്ലാതെ കിടക്കുന്നത് അറിഞ്ഞതുമില്ല. ഇതോടെ മാതാപിതാക്കളുടെ സംശയം ബലപ്പെടുകയായിരുന്നു.
ഉത്ര മരിച്ചതിന്റെ തലേന്ന് രാത്രി 10.30ന് അമ്മ മണിമേഖല കിടപ്പുമുറിയുടെ ജനാല അടച്ചു കുറ്റിയിട്ടിരുന്നു.
എന്നാൽ അതു തുറന്നു കിടക്കുകയായിരുന്നെന്നും പുലർച്ചെ 3നു താനാണു ജനാല അടച്ചതെന്നുമാണു സൂരജ് പറഞ്ഞത്. വിഷപ്പാമ്പിന്റെ കടിയേറ്റാൽ കഠിന വേദന, കഴപ്പ്, തരിപ്പ് എന്നിവ അനുഭവപ്പെടും. അല്ലെങ്കിൽ അബോധാവസ്ഥയിൽ ആയിരിക്കണം. ഉത്ര നല്ല ഉറക്കത്തിലായിരുന്നു.

Related posts

Leave a Comment