മുംബയ്: നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് കാട്ടുന്ന ശബ്ദരേഖ പുറത്തുവന്നു. ഒരു ദേശീയ മാധ്യമം പുറത്തുവിട്ട ശബ്ദരേഖയില്‍ എയിംസ് തലവന്‍ ഡോ. സുധീര്‍ ഗുപ്തയാണ് ഇക്കാര്യം പറയുന്നത്. സുശാന്തിന്റെ മരണം ആത്മഹത്യയാണെന്നും സംശയിക്കത്തക്ക കാര്യമൊന്നും ഇല്ലെന്നും കാട്ടി എയിംസ് വിദഗ്ദ്ധര്‍ റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണ് ആശുപത്രി തലവന്റെ ശബ്ദരേഖ പുറത്തുവരുന്നത്. സുശാന്തിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് എയിംസിലെ ഡോക്ടര്‍ തന്നോടു പറഞ്ഞതായി താരത്തിന്റെ പിതാവ് വികാസ് സിംഗ് സെപ്തംബര്‍ 25ന് ട്വിറ്റിലൂടെ വെളിപ്പെടുത്തിയിരുന്നു.
നടന്‍ ജീവനൊടുക്കിയതു തന്നെയെന്നും മറ്റു പരിക്കുകളോ ബലപ്രയോഗത്തിന്റെ അടയാളങ്ങളോ വിഷം ഉള്ളില്‍ ചെന്നതിന്റെ സൂചനയോ ഇല്ലെന്നും എയിംസ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. സുധീര്‍ ഗുപ്തയുടെ നേതൃത്വത്തിലുള്ള ആറംഗസംഘം വിശദ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഡോ. സുധീര്‍ ഗുപ്തയുടെതന്നെ ശബ്ദ സന്ദേശം പുറത്തുവന്നത്.