സുരേഷ് ഗോപിയുടെ ‘ഒറ്റക്കൊമ്ബന്‍’ തുടങ്ങുന്നു; നൂറു കോടി ക്ലബ് ലക്ഷ്യമിട്ട് ടോമിച്ചന്‍ ചിത്രം; നായിക ബോളിവുഡില്‍ നിന്ന്

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച്‌ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രമായ ബിഗ് ബജറ്റ് ചിത്രമായ ഒറ്റക്കൊമ്ബന്റെ ചിത്രീകരണം ഉടന്‍ തുടങ്ങും. പാലാ, കൊച്ചി, മംഗളൂരു, മലേഷ്യ എന്നീ ലൊക്കേഷനുകളിലായിരിക്കും ചിത്രീകരണം. 25 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. പുലിമുരുകന് ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഛായാഗ്രഹണം. സംഗീത സംവിധാനം ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍. ഗാനരചന അനില്‍ ലാല്‍. ‌

മുകേഷ്, വിജയരാഘവന്‍, രണ്‍ജി പണിക്കര്‍, ജോണി ആന്റണി, സുധി കോപ്പ, കെപിഎസി ലളിത എന്നിവരും ചിത്രത്തിലുണ്ടാവും. നായികയും വില്ലനും ബോളിവുഡില്‍ നിന്നായിയിരിക്കും. കരിയറിലെ ഏറ്റവും വലിയ ചിത്രം എന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്. 250ാമത് സുരേഷ് ഗോപി ചിത്രമെന്ന രീതിയില്‍ നേരത്തെ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി വലിയ ഹിറ്റായിരുന്നു. തുടര്‍ന്ന് ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രമായ സാമ്യമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ചിത്രം കോടതി കയറിയിരുന്നു.

മാസ് ഓഡിയന്‍സിനെ മുന്നില്‍ കണ്ടുള്ള ചിത്രമായിരിക്കും ഒറ്റക്കൊമ്ബനെന്ന് തിരക്കഥാകൃത്ത് ഷിബിന്‍ ഫ്രാന്‍സിസ് നേരത്തെ പറഞ്ഞിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത കോമ്രേഡ് ഇന്‍ അമേരിക്ക, അരുണ്‍ കുമാര്‍ അരവിന്ദിന്റെ അണ്ടര്‍വേള്‍ഡ് എന്നീ സിനിമകള്‍ക്ക് ശേഷം ഷിബിന്‍ രചന നിര്‍വഹിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്ബന്‍. ഇത് മാസ്സിനെയും ഫാമിലിയെയും പരിഗണിച്ചുള്ള സിനിമയാണെന്ന് ടോമിച്ചന്‍ മുളകുപാടവും പറയുന്നു.

Related posts

Leave a Comment