സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എം.പിയെ പിന്തുണച്ച് ചലചിത്ര നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍. സുരേഷ് ഗോപി സല്യൂട്ട് ചോദിച്ചുവാങ്ങേണ്ടിവന്നത് ഉദ്യോഗസ്ഥന്റെ കുഴപ്പമാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
ഉദ്യോഗസ്ഥര്‍ ഈഗോ കൊണ്ടുനടക്കരുതെന്നും ഗണേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന ഒല്ലൂര്‍ എസ്.ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ച സുരേഷ് ഗോപിയുടെ നടപടിയാണ് വിവാദമായത്.
‘ഞാന്‍ എംപിയാ കേട്ടോ, മേയറല്ല. ഒരു സല്യൂട്ടാവാം. ശീലങ്ങളൊന്നും മറക്കരുത്’ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇതോടെ, എസ്.ഐ സല്യൂട്ട് അടിക്കുകയും ചെയ്തു.
ആദിവാസി മേഖലയിലെ റോഡുപണിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാനായിരുന്നു ബുധനാഴ്ച സുരേഷ് ഗോപി എത്തിയത്. അപ്പോഴാണ് വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ചത്.
ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.പിന്നാലെ ഗ്രേഡ് എസ്.ഐ ആന്‍റണിയോട് സല്യൂട്ട് ചോദിച്ചുവാങ്ങിയതില്‍ വിശദീകരണവുമായി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു.
ജനപ്രതിനിധി സല്യൂട്ട് അര്‍ഹിക്കുന്നുവെന്നും രാജ്യത്തെ സംവിധാനം കേരളത്തിലെ പൊലീസും പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.
എം.പിക്ക് സല്യൂട്ട് പാടില്ലെന്ന് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടോ എന്നു ചോദിച്ച സുരേഷ് ഗോപി, പൊലീസ് അസോസിയേഷന്‍ രാഷ്ട്രീയം കളിക്കരുതെന്നും ആവശ്യപ്പെട്ടു.