സുരേന്ദ്രനെ മാറ്റി മുരളീധരനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനാക്കും ; സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള തന്ത്രപരമായ നീക്കത്തില്‍ കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ അദ്ധ്യക്ഷന്മാരെ മാറ്റി പരീക്ഷിക്കാന്‍ ബിജെപി ഒരുങ്ങുന്നു.

കേരളം അടക്കം ആറു സംസ്ഥാനങ്ങളില്‍ ഉടന്‍ തന്നെ പുതിയ പ്രസിഡന്റുമാരെ നിയോഗിച്ചേക്കുമെന്നാണ് സൂചനകള്‍.

നിലവിലെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനെ മാറ്റി കേന്ദ്രമന്ത്രി വി. മുരളീധരനേയോ എം.ടി. രമേശിനെയോ സംസ്ഥാന അദ്ധ്യക്ഷ ചുമതല നല്‍കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

വി.മുരളീധരനോ എം.ടി. രമേശോ സംസ്ഥാന അധ്യക്ഷനായി എത്തുമ്ബോള്‍ നിലവിലെ അധ്യക്ഷന്‍ കെ.സുരേന്ദ്രന് എന്തു പദവി നല്‍കുമെന്നതിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.

സുരേന്ദ്രനെ ദേശീയ നിര്‍വ്വാഹക സമിതിയിലേക്ക് പരിഗണിച്ചേക്കുമെന്നും ശ്രുതിയുണ്ട്. മുരളീധരന്‍ മാറുന്ന ഒഴിവിലേക്ക് കേന്ദ്രമന്ത്രിയായി സുരേഷ്‌ഗോപിയെ പരിഗണിച്ചേക്കും.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രിസ്ഥാനത്ത് നിന്നും മത്സരിക്കുന്നത് സുരേഷ്‌ഗോപിക്ക് കൂടുതല്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ തവണ മികച്ച പ്രകടനം നടത്തിയ തൃശൂരില്‍ തന്നെ സുരേഷ്‌ഗോപിയെ വീണ്ടും മത്സരിപ്പിക്കാനാണ് ബിജെപിയുടെ ഉദ്ദേശം.

10 സംസ്ഥാനങ്ങളില്‍ രാജ്യസഭ അംഗങ്ങളുടെ കാലാവധി ഈ മാസം 24 ന് പൂര്‍ത്തിയാകുകയാണ്. പകരക്കാരെ അയയ്‌ക്കേണ്ടതുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയ കര്‍ണാടകയില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പദവിയില്‍ അശ്വന്ത് നാരായണനാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയോ ബസനഗൗഡയേയോ പ്രതിപക്ഷ നേതൃസ്ഥാനം ഏല്‍പ്പിക്കും. എസ് സുനില്‍ കുമാര്‍, ആര്‍ അശോക എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്. കര്‍ണാടകയില്‍ ഇതുവരെ പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചിട്ടില്ല.

അതേസമയം തന്നെ യെദ്യൂരപ്പയുമായി ഏറെ അടുപ്പമുള്ള കേന്ദ്ര മന്ത്രി ശോഭാ കരന്ദ്ലജെയെയെ പാര്‍ട്ടി അദ്ധ്യക്ഷനാക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

കേരളത്തിന് പുറമേ കര്‍ണാടക, മധ്യപ്രദേശ്, ജമ്മു കശ്മീര്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്മാരെയാണ് മാറ്റുന്നത്. കഴിഞ്ഞ ദിവസം തെലങ്കാന, ആന്ധ്രപ്രദേശ്, പഞ്ചാബ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ അധ്യക്ഷന്മാരെ മാറ്റിയിരുന്നു.

ഇതിന് പിന്നാലെയാണ് മറ്റു സംസ്ഥാനങ്ങളിലും കേന്ദ്രനേതൃത്വം ശ്രദ്ധ വെച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തെലങ്കാനയില്‍ കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിയെയാണ് സംസ്ഥാന അദ്ധ്യക്ഷനായി നിയോഗിച്ചത്.

Related posts

Leave a Comment