സുമയ്യയ്ക്കും അഫീഫയ്ക്കും പൊലീസ് സംരക്ഷണം നല്‍കണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

കൊച്ചി: ലെസ്ബിയന്‍ പങ്കാളികളായ സുമയ്യ ഷെറിനും അഫീഫയ്ക്കും പൊലീസ് സംരക്ഷണം നല്‍കണം എന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവിലൂടെയാണ് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയത്.

അഫീഫയുടെ മാതാപിതാക്കളില്‍ നിന്നും കൂട്ടാളികളില്‍ നിന്നും പൊലീസ് സംരക്ഷണം തേടി ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

മലപ്പുറം സ്വദേശിനികളായ ഇരുവര്‍ക്കും സംരക്ഷണം നല്‍കണം എന്ന് പുത്തന്‍കുരിശ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍, കൊണ്ടോട്ടി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എന്നിവരോട് ഹൈക്കോടതി നിര്‍ദേശിച്ചു.

അഫീഫയെ വീട്ടുകാര്‍ വീണ്ടും തട്ടിക്കൊണ്ടുപോയേക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെയും അഫീഫയുടെ മാതാപിതാക്കളുടെയും നിലപാട് തേടിയിട്ടുണ്ട്.ഹര്‍ജി പിന്നീട് പരിഗണിക്കും.

ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫയെ കുടുംബം ബലം പ്രയോഗിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെ സംഭവം വലിയ വിവാദമായിരുന്നു.

അഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തെ അനുമതി നല്‍കിയതാണ്. എന്നാല്‍ അഫീഫയെ തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് പറഞ്ഞ് സുമയ്യ രംഗത്തെത്തി.

ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും നല്‍കി. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ് സുമയ്യയും അഫീഫയും താമസിക്കുന്നത്.

രണ്ട് വര്‍ഷമായി സൗഹൃദത്തിലായ ഇരുവരും ജനുവരി 27 ന് ആണ് വീട് വിട്ട് ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയത്. ഇതോടെ മകളെ കാണാനില്ലെന്ന് കാണിച്ച് അഫീഫയുടെ പിതാവ് പൊലീസ് സ്റ്റേഷനെ സമീപിച്ചു.

അതിനിടെ മലപ്പുറം മജിസ്‌ട്രേറ്റ് കോടതിയിലെത്തിയ അഫീഫയയും സുമയ്യയും പ്രായപൂര്‍ത്തിയായതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാനുള്ള അനുമതി തേടി.

ഇതിന് ശേഷം എറണാകുളത്ത് എത്തി സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് ഒന്നിച്ച് ജീവിക്കുകയായിരുന്നു ഇരുവരും. അതിനിടെ അഫീഫയെ വീട്ടുകാര്‍ ബലമായി കൊണ്ടുപോയി എന്നാണ് സുമയ്യ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.

ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഡിവിഷന്‍ ബെഞ്ച് മുമ്പാകെ അഫീഫയെ ഹാജരാക്കിയിരുന്നു. എന്നാല്‍ അപ്പോള്‍ തനിക്ക് മാതാപിതാക്കളുടെ ഒപ്പം പോയാല്‍ മതി എന്നായിരുന്നു അഫീഫ പറഞ്ഞത്.

ഇതിനെ തുടര്‍ന്ന് അഫീഫയെ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ അനുവദിച്ച് ഹരജി തീര്‍പ്പാക്കി. എന്നാല്‍ സുമയ്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് താന്‍ കോടതിയില്‍ അങ്ങനെ പറഞ്ഞത് എന്നാണ് അഫീഫ പറയുന്നത്.

രക്ഷിതാക്കളുടെ സമ്മര്‍ദ്ദത്തിന്റെ പുറത്താണ് വീട്ടുതടങ്കലില്‍ കിടക്കേണ്ടി വന്നത്.

സുമയ്യയെ വിളിക്കണം എന്ന് പറയുമ്പോഴെല്ലാം വീട്ടുകാര്‍ തനിക്ക് മയങ്ങാനുള്ള മരുന്ന് കൂടുതല്‍ ഡോസ് നല്‍കിയെന്നും അഫീഫ ദി ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

താന്‍ കാരണം സുമയ്യയ്‌ക്കൊരും പ്രശ്‌നം വേണ്ട എന്ന് കരുതിയാണ് വീട്ടുകാരോടൊപ്പം പോകാം എന്ന് കോടതിയില്‍ പറഞ്ഞത് എന്നും അഫീഫ കൂട്ടിച്ചേര്‍ത്തു.

 

Related posts

Leave a Comment