സുജിത അണിഞ്ഞിരുന്നത് 53 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ ; ഇതില്‍ 35 ഗ്രാം തുവ്വൂരില്‍ വിഷ്ണു വിറ്റു ; രണ്ടുദിവസം മുമ്പ് ഒരു പവന്‍ നല്‍കി ഒന്നരലക്ഷവും വാങ്ങി

മലപ്പുറം: നാട്ടുകാരെ ഞെട്ടിച്ച്‌ തുവ്വൂരില്‍ നടന്ന കൊലപാതകത്തിന്റെ അമ്പരപ്പിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു.

സുജിതയെ കൊലപ്പെടുത്തിയ ശേഷം വീടിന് പിന്നില്‍ കുഴിച്ചിട്ട വിഷ്ണുവും സംഘവും തട്ടിയത് സുജിതയുടെ 53 ഗ്രാമിലധികം സ്വര്‍ണ്ണമായിരുന്നു.

കൊലപാതകം നടന്ന ദിവസം തന്നെ 35 ഗ്രാം സ്വര്‍ണ്ണം തുവ്വൂരിലെ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തി.

രണ്ടു വളകള്‍, മോതിരം, താലിമാല, മാല, കമ്മല്‍ എന്നീ ആഭരണങ്ങളെല്ലാം നഷ്ടമായി. സംഭവം നടന്നതിന് രണ്ടു ദിവസം മുമ്ബ് ഒരു പവന്‍ സ്വര്‍ണ്ണം നല്‍കി ഒന്നരലക്ഷം ജ്വല്ലറിയില്‍ നിന്നും വാങ്ങിയിരുന്നു.

ബാക്കിതുകയ്ക്കുള്ള സ്വര്‍ണ്ണം രണ്ടുദിവസത്തിനുള്ളില്‍ എത്തിക്കാമെന്നാണ് ജ്വല്ലറി ഉടമയോട് പറഞ്ഞത്. അന്നു തന്നെ മറ്റൊരു ജ്വല്ലറിയില്‍ 18 ഗ്രാം സ്വര്‍ണ്ണം നല്‍കി 97,000 രൂപയും വാങ്ങി.

കൊലപാതക ദിവസം തുവ്വൂരിലെ ജ്വല്ലറിയില്‍ 35 ഗ്രാം സ്വര്‍ണ്ണംവിറ്റ് 83,000 രൂപ വാങ്ങി. സ്വര്‍ണ്ണം വിറ്റുകിട്ടിയ പണത്തില്‍ ഒരു ഭാഗം എല്ലാവരും ചേര്‍ന്ന് വീതിച്ചെടുത്തു.

ഈ പണത്തിന് പ്രതികള്‍ പുതിയ മൊബൈല്‍ഫോണും വാങ്ങി. പഴയ ഫോണിലെ എല്ലാ വിവരങ്ങളും നശിപ്പിക്കുകയും ചെയ്തു.

തുവ്വൂരിലെ സ്വര്‍ണ്ണക്കടകള്‍ കേന്ദ്രീകരിച്ചു നടത്തിയ പോലീസിന്റെ അന്വേഷണമാണ് വിഷ്ണുവിനെ പൊളിച്ചത്.

രണ്ടുദിവസം കഴിഞ്ഞു നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ പണം ആവശ്യപ്പെട്ടതും മറ്റൊരു ജ്വല്ലറിയില്‍ സ്വര്‍ണ്ണം വിറ്റതും പോലീസ് കണ്ടെത്തി. നുണകളുടെ കൂമ്ബാരം കൊണ്ടുള്ള കളിയായിരുന്നു രക്ഷപ്പെടാന്‍ വിഷ്ണു നടത്തിയത്.

പോലീസിനെ വഴി തെറ്റിക്കാന്‍ അനേകം നുണകള്‍ പടച്ചുവിട്ടെങ്കിലൂം രക്ഷയുണ്ടായില്ല.

തൃശൂരിലുള്ള ഒരു യുവാവുമായി സുജിത പ്രണയത്തിലാണെന്നും ഇവര്‍ക്ക് ഒളിച്ചോടാന്‍ സ്വര്‍ണ്ണം വിറ്റുകൊടുക്കാന്‍ തന്നെ ഏല്‍പ്പിച്ചതാണെന്നും പറഞ്ഞു. ഈ കഥ കൂടിയായപ്പോള്‍ പ്രതി വിഷ്ണുവാണെന്ന് പോലീസ് ഉറപ്പിച്ചു.

ഫോണ്‍രേഖ പരിശോധിക്കുമ്ബോള്‍ തന്നെ തേടി പോലീസ് എത്തുമെന്നും അപ്പോള്‍ പറയാന്‍ വിഷ്ണു നുണകള്‍ പഠിച്ചുവെയ്ക്കുകയും ചെയ്തിരുന്നു.

പോലീസിനോട് പറയേണ്ട നുണകള്‍ കുറ്റകൃത്യത്തില്‍ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരെ പറഞ്ഞു പഠിപ്പിക്കുകയും ചെയ്തു.

എന്നാല്‍ സ്വര്‍ണ്ണക്കടകള്‍ കേന്ദ്രീകരിച്ച്‌ പോലീസ് നടത്തിയ നീക്കം വിഷ്ണുവിന്റെ തന്ത്രങ്ങളെല്ലാം പൊളിച്ചു.

Related posts

Leave a Comment