സീ ഷെല്‍സിലെ പൊലീസിന്‍റെ പിടിയിലായ മത്സ്യത്തൊഴിലാളികളില്‍ മലയാളികളായ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ജോണിയും തോമസും 16 ദിവസത്തെ അനുഭവം പങ്കുവെയ്ക്കുന്നു.

തിരുവനന്തപുരം: മത്സ്യബന്ധനത്തിന് പോയി സമുദ്രാതിര്‍ത്തി ലംഘിച്ചതിന് കിഴക്കന്‍ ആഫ്രിക്കന്‍ ദ്വീപായ സീ ഷെല്‍സിലെ പൊലീസിന്‍റെ പിടിയിലായ മത്സ്യത്തൊഴിലാളികളില്‍ മലയാളികളായ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ജോണിയും തോമസും 16 ദിവസത്തെ അനുഭവം പങ്കുവെയ്ക്കുന്നു.

 

20 വര്‍ഷത്തെ മത്സ്യബന്ധന ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും ദൂരം കടല്‍ പണിക്ക് പോകുന്നതെന്നും ജോണി പറയുന്നു. പിടിച്ച സമയത്ത് ഒരിക്കലും താന്‍ കരുതിയില്ല ഇത് ഇത്രയും വലിയ പ്രശ്നമാകുമെന്ന്. രണ്ടു ദിവസം കഴിഞ്ഞാണ് കോടതിയില്‍ ഹാജരാക്കിയത്. ശേഷം വീണ്ടും ബോട്ടില്‍ എത്തിച്ചു തടവില്‍ പാര്‍പ്പിച്ചു.

നല്ലരീതിയില്‍ ആണ് അവര്‍ പെരുമാറിയതെന്ന് ജോണി പറയുന്നു. 18 ലക്ഷം രൂപയോളം കടം ഉള്ളതിനാലാണ് തോമസ് ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിന് പോകുന്നത്. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് കടങ്ങള്‍ കുറവ് കുറച്ചായി തീര്‍ക്കാന്‍ ആണ് ശ്രമം. കടല്‍ പണികള്‍ കഴിഞ്ഞു വിശ്രമിച്ച തങ്ങള്‍ രാവിലെ കണ്ണ് തുറക്കുമ്ബോള്‍ കാണുന്നത് തോക്കുമായി തങ്ങളെ വളഞ്ഞ സീ ഷെല്‍സ് പൊലീസ് ബോട്ടുകളാണെന്ന് തോമസ് പറയുന്നു. പൊടുന്നനെ തോക്കുകള്‍ ഏന്തിയ പൊലീസുകാര്‍ മത്സ്യബന്ധന ബോട്ടുകളിലേക്ക് ചാടി കയറി എല്ലാവരെയും തോക്കിന്‍ മുനയിലാക്കിയെന്ന് തോമസ് ഞെട്ടലോടെ പറയുന്നു.

ഇതോടെ തങ്ങളുടെ ജീവിതം തന്നെ അവസാനിച്ചു എന്നും കുടുംബത്തെ ആര് സംരക്ഷിക്കും എന്ന ഭയം ആയിരുന്നു മനസ്സില്‍ വന്നത്. ബോട്ട് മുഴുവന്‍ അരിച്ചുപെറുക്കി തങ്ങള്‍ മത്സ്യബന്ധനത്തിന് എത്തിയതാണെന്ന് ബോധ്യമായ ശേഷമാണ് ഇരിക്കാന്‍ പോലും പൊലീസ് സമ്മതിച്ചത്. ഒരു ദിവസത്തിന് ശേഷമാണ് ഇവരെ കരയില്‍ കൊണ്ട് പോകുന്നത്. കരയില്‍ എത്തിയ ഉടനെ മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ച്‌ വെച്ചു.

ഇതോടെ വീട്ടുകാരുമായി ബന്ധപെടാന്‍ വേറെ വഴിയില്ലാതെ ആയി. പക്ഷേ നല്ലരീതിയില്‍ ആണ് സീ ഷെല്‍സ് പൊലീസ് തങ്ങളോട് പെരുമാറിയതെന്ന് ഇരുവരും പറയുന്നു. ശാരീരിക ഉപദ്രവങ്ങള്‍ ഒന്നും ഉണ്ടായില്ല.

കൃത്യമായി മൂന്ന് നേരവും ഭക്ഷണം എത്തിച്ചു. ശ്രീലങ്കയില്‍ നിന്ന് എത്തിയ നിരവധി മത്സ്യത്തൊഴിലാളികള്‍ രണ്ട് വര്‍ഷത്തിലേറെയായി സീ ഷെല്‍സിലെ ജയിലില്‍ കഴിയുന്നുണ്ടെന്നും ഇത് കണ്ടതോടെ തങ്ങളുടെയും അവസ്ഥ ഇത് തന്നെ ആകുമെന്ന് ഭയന്നിരുന്നതായും തോമസ് പറയുന്നു.

Related posts

Leave a Comment