സി കെ ജാനുവിന്‌ 10 ലക്ഷം: ശബ്‌ദരേഖ കൃത്രിമമെങ്കിൽ തെളിയിക്കാൻ സുരേന്ദ്രനെ വെല്ലുവിളിച്ച്‌ പ്രസീത

കണ്ണൂർ > സി കെ ജാനുവിന്‌  എൻഡിഎ സ്‌ഥാനാർഥിയായി മത്സരിക്കാൻ  ബിജെപി സംസ്ഥാന പ്രസിഡന്റ്‌  കെ സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നൽകിയതിന് തെളിവായി പുറത്ത് വിട്ട ശബ്ദരേഖ കൃത്രിമമാണെങ്കിൽ അത്‌ തെളിയിക്കാൻ വെല്ലുവിളിച്ച്‌ പ്രസീത. സി കെ  ജാനുവിന്റെ പാർടിയായ ജെആർപിയുടെ  സംസ്‌ഥാന ട്രഷറർ ആയ പ്രസീതയാണ്‌ പണം കൈമാറ്റവുമായി ബന്ധപ്പെട്ട്‌ സുരേന്ദ്രനുമായി സംസാരിച്ചതിന്റെ ശബ്‌ദരേഖ ഇന്നലെ പുറത്തുവിട്ടത്‌.  മാർച്ച്‌ 7ന്‌ പണം കൈമാറുന്നതിന്‌ മുൻപും കെ സുരേന്ദ്രൻ ആശയവിനിമയം നടത്തിയിരുന്നുവെന്നും പ്രസീത പറഞ്ഞു.

ശാസ്ത്രീയമായി പരിശോധിച്ച് ശബ്ദരേഖയുടെ ആധികാരികത തെളിയിക്കണം. മാർച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ചാണ് സുരേന്ദ്രൻ പണം കൈമാറിയതെന്നും പ്രസീത കണ്ണൂരിൽ വ്യക്തമാക്കി.

തന്റേതെന്ന്‌ പ്രചരിക്കുന്ന സന്ദേശത്തിൽ കൃത്രിമം നടന്നതായി സംശയിക്കുന്നുണ്ടെന്നും  ഒരു ഓഡിയോ റെക്കോർഡ് ചെയ്ത് അതിൽ ആവശ്യമില്ലാത്തത് കട്ട് ചെയ്യാനും കൂട്ടി ചേര്‍ക്കാനും ഒന്നും ഒരു ബുദ്ധിമുട്ടില്ല എന്ന്‌ ഇന്ന്‌ കോഴിക്കോട്‌ വാർത്തസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞിരുന്നു. ഒരു രൂപപോലും സി കെ ജാനുവിന്‌ നൽകിയിട്ടില്ലെന്നും  പറഞ്ഞു. ഇതേ തുടർന്നാണ്‌ കൃത്രിമം തെളിയിക്കാൻ പ്രസീത വെല്ലുവിളിച്ചത്‌.

ശബ്ദരേഖ ശാസ്ത്രീയ പരിശോധന നടത്തി സത്യം കണ്ടെത്തണം. ഒരു എഡിറ്റിംഗും ആ ഓഡിയോയിൽ നടത്തിയിട്ടില്ല. സികെ ജാനു കേസ് കൊടുക്കുമെന്ന്  പറഞ്ഞിട്ടുണ്ട്. കെ സുരേന്ദ്രനും കേസ് കൊടുക്കണം. എന്ത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും പ്രസീത പറഞ്ഞു.

മാർച്ച് ഏഴിന് കെ സുരേന്ദ്രൻ നേരിട്ട് വന്ന്‌ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ചാണ് കാശ് കൈമാറിയത്. വന്നിരുന്നു. കാശ് കിട്ടിയെന്നാണ് സികെ ജാനുവും പറഞ്ഞത്‌.  അന്ന്‌ രാവിലെയും വൈകിട്ടും ജാനു താമസിക്കുന്ന ഹോട്ടലിൽ സുരേന്ദ്രൻ എത്തി. സി കെ ജാനു പണം വാങ്ങിയെന്ന്‌ തന്നോട്‌ സമ്മതിച്ചിരുന്നതാണ്‌. വയനാട്ടിൽ സികെ ജാനു നടത്തിയ ഇടപാടുകൾ പരിശോധിച്ചാൽ കാശ് ചെലവഴിച്ച കാര്യം ബോധ്യപ്പെടുമെന്നും പ്രസീത പറഞ്ഞു

Related posts

Leave a Comment