സിബിഐ തേടിയത് 2 ഉത്തരം; 68കാരന് 34കാരിയെ കീഴ്‌പ്പെടുത്താനാവില്ലെന്ന് ഡോക്ടര്‍

തിരുവനന്തപുരം: നീണ്ട ഒമ്പതു വര്‍ഷം കേരള രാഷ്ട്രീയത്തെയും കോണ്‍ഗ്രസിനെയും പിടിച്ചുലച്ച സോളാര്‍ പീഡനക്കേസ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതോടെ അപ്രസക്തമാവുകയായിരുന്നു.

കഴിഞ്ഞ രണ്ടു നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനെതിരെ സിപിഎമ്മിന്റെ ആയുധമായിരുന്നു സോളാര്‍ പീഡനക്കേസ്. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിനൊടുവിലാണ് പീഡന ആരോപണത്തിന് തെളിവില്ലെന്ന് കണ്ടെത്തുന്നത്.

ജുഡീഷ്യല്‍ കമ്മിഷനും അതിനു പിന്നാലെ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒടുവില്‍ ലഭിക്കുമ്പോൾ സിബിഐ ഇന്‍സ്പെക്ടര്‍ നിപുന്‍ ശങ്കറും സംഘവും ആദ്യം കണ്ടെത്താന്‍ ശ്രമിച്ചത് ഈ 2 ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ്.

പീഡനം നടന്നെന്നു പരാതിക്കാരി പറയുന്ന ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നോ? പരാതിക്കാരിയും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് അന്വേഷണസംഘം ആദ്യം തേടിയത്.

പീഡനം നടന്നെന്നു പറയുന്ന ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നു. എന്നാല്‍, അന്നു പരാതിക്കാരി ക്ലിഫ് ഹൗസിലേക്ക് എത്തിയിട്ടില്ലെന്നു നൂറോളം സാക്ഷികള്‍ നല്‍കിയ മൊഴിയിലൂടെ വ്യക്തമായി.

ലൈംഗിക പീഡനക്കേസ് തെളിയണമെങ്കില്‍ പരാതിക്കാരിയും പ്രതിയും ഒരേ സമയത്ത് ഒരുമിച്ചുണ്ടാകണം.

അതു തെളിയിക്കാന്‍ കഴിയുന്ന ഒരു വിവരം പോലും സിബിഐക്കു കണ്ടെത്താനോ പരാതിക്കാരിക്കു ഹാജരാക്കാനോ കഴിയാതെ വന്നതോടെ കേരളത്തെ പിടിച്ചു കുലുക്കിയ ‘പീഡന’ക്കേസിന്റെ ‘കഥ’ കഴിഞ്ഞു.

പീഡനം കണ്ടെന്നു ടിവി ചാനലില്‍ പറഞ്ഞ പി.സി.ജോര്‍ജ് അടക്കം 4 പേരെ കോടതിയില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തി. അവരാരും പരാതിക്കാരിയെയും ഉമ്മന്‍ചാണ്ടിയെയും നേരിട്ടു കണ്ടിട്ടില്ലെന്നായിരുന്നു സാക്ഷിക്കൂട്ടില്‍ നല്‍കിയ മൊഴി.

പരാതിക്കാരി തന്നെ പേരു നല്‍കിയവരടക്കം മറ്റു നൂറോളം സാക്ഷികളില്‍ നിന്നു സിബിഐ മൊഴി ശേഖരിച്ചപ്പോഴും ഇരുവരും ഒരുമിച്ചു കണ്ടിട്ടില്ലെന്നാണു കണ്ടെത്താനായത്.

ക്ലിഫ് ഹൗസില്‍ വച്ച്‌ ബലം പ്രയോഗിച്ച്‌ പീഡിപ്പിച്ചെന്ന ആരോപണം ശരിയാണോ എന്നു കണ്ടെത്താന്‍ സിബിഐ സംഘം വിദഗ്ധനായ ഡോക്ടറുടെ ശാസ്ത്രീയ ഉപദേശം തേടി.

68 വയസ്സുകാരനായ ഒരാള്‍ക്ക് 34 വയസ്സുകാരിയും ആരോഗ്യവതിയുമായ ഒരാളെ ശാരീരികമായി കീഴ്പ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു ഡോക്ടറുടെ റിപ്പോര്‍‌ട്ട്.

ഇതും പരാതിക്കെതിരായ ശക്തമായ തെളിവായി. ഡല്‍ഹി കേരള ഹൗസില്‍ വച്ച്‌ ഉമ്മന്‍ചാണ്ടിക്കു വേണ്ടി കോഴ നല്‍കിയെന്ന ആരോപണവും തെറ്റാണെന്നു സാക്ഷികളെ ചോദ്യം ചെയ്തപ്പോള്‍ സിബിഐക്കു ബോധ്യമായി.

ആ ദിവസങ്ങളില്‍ സ്ഥലത്തുണ്ടായിരുന്നെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടിയവര്‍‌ മറ്റു സ്ഥലങ്ങളില്‍ ആയിരുന്നെന്നു മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനിലൂടെ സ്ഥിരീകരിച്ചു.

രോഗാവസ്ഥയിലായിരിക്കുമ്പോൾ പോലും ഉമ്മന്‍ചാണ്ടിക്കു ചുറ്റും കാണാറുള്ള ആള്‍ക്കൂട്ടവും അദ്ദേഹത്തിന് അനുകൂല ഘടകമായി. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി ഓഫിസിലോ വീട്ടിലോ ഒറ്റയ്ക്കു സമയം ചെലവിടുന്നതിന്റെ ഒരു ഫോട്ടോ പോലും സിബിഐക്കു ലഭിച്ചില്ല.

ഔദ്യോഗിക വസതിയില്‍ പരാതിക്കാരിക്കൊപ്പം മാത്രമായി സമയം ചെലവിടാന്‍ കഴിയുന്ന സാഹചര്യമില്ലെന്നും റിപ്പോര്‍ട്ടില്‍ സിബിഐ ചൂണ്ടിക്കാട്ടി.

ക്ലിഫ് ഹൗസില്‍ എത്തിയ ദിവസം താന്‍ ധരിച്ചിരുന്നതാണെന്നറിയിച്ച്‌ പരാതിക്കാരി നല്‍കിയ സാരി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചപ്പോഴും തെളിവുകളൊന്നും ലഭിച്ചില്ല.

സോളര്‍ പദ്ധതികളില്‍ നിക്ഷേപ സമാഹരണത്തിനായി എത്തിയ തന്നെ രാഷ്ട്രീയ നേതാക്കള്‍ ലൈംഗിക സംതൃപ്തിക്ക് ഉപയോഗിച്ചെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. ഇതു സാധൂകരിക്കാന്‍ കഴിയുന്ന വിവരങ്ങള്‍ അവര്‍ക്ക് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍‌ ചൂണ്ടിക്കാട്ടി.

Related posts

Leave a Comment