വർഷം 1988, ഫെബ്രുവരി 18 . അന്ന് മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിയെഴുതുന്ന ഒരു സിനിമ മലയാളത്തിൽ റിലീസ് ചെയ്തു- ഒരു സിബിഐ ഡയറിക്കുറിപ്പ്. അതുവരെയുള്ള നായകസങ്കല്പങ്ങളെ പാടെ തിരുത്തിക്കുറിച്ച് , ഒരു കൊമേഴ്‌സ്യൽ സിനിമയ്ക്കുവേണ്ടതായ പാട്ടും ഡാൻസു ഫൈറ്റും നെടുനീളൻ ഡയലോഗുമൊന്നുമില്ലാതെ, ഹാഫ് സ്ലീവ് ഷർട്ടും പാൻറ്സും ധരിച്ചു, കൈകൾ പുറകിൽ കെട്ടി, നെറ്റിയിൽ സിന്ദൂരക്കുറിയും, ചിരിക്കുന്ന മുഖവുമായി, മലയാളികൾക്ക് അധികം കേട്ട് പരിചയമില്ലാതിരുന്ന സിബിഐ ഓഫീസറായ സേതുരാമയ്യർ കേരളത്തിലെ തിയേറ്ററുകൾ അടക്കിഭരിക്കുന്ന കാഴ്ചയ്ക്കാണ് കേരളക്കര സാക്ഷ്യം വഹിച്ചത്.
കെ മധു – എസ് എൻ സ്വാമി -മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ കേരളക്കരയിൽ മാത്രമല്ല, തമിഴ് നാട്ടിലും ചരിത്രം കുറിച്ച വിജയം നേടി. മദ്രാസിലെ സഫയർ തിയേറ്ററിൽ തുടർച്ചയായി ഒരു വർഷം പ്രദർശിപ്പിച്ചുകൊണ്ട്, മലയാള സിനിമയ്ക്ക് അന്യഭാഷകളിലും ശക്തമായ ഇടം നേടിക്കൊടുത്തു.
സേതുരാമയ്യർ എന്ന കഥാപാത്രത്തിന്റെ ജനപ്രിയ സാധ്യത മനസ്സിലാക്കിയ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തൊട്ടടുത്ത വർഷം തന്നെ സിബിഐ സീരീസിന്റെ രണ്ടാം ഭാഗമായ ‘ജാഗ്രത’യുമായെത്തി. ആ ചിത്രവും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.
പിന്നീട് 15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സേതുരാമയ്യർ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. 2004-ൽ പുറത്തുവന്ന സേതുരാമയ്യർ CBI ആ വർഷത്തെ ഏറ്റവും വലിയ വിജയമായി മാറി. തൊട്ടടുത്ത വർഷം പുറത്തുവന്ന നാലാം ഭാഗമായ നേരറിയാൻ സിബിഐയും പ്രേക്ഷകർ സ്വീകരിച്ചു.
ഇപ്പോൾ 17 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിബിഐ യുടെ അഞ്ചാം ഭാഗം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. 34 വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട സേതുരാമയ്യർ 16 വർഷങ്ങൾക്കിപ്പുറം വീണ്ടും എത്തുമ്പോൾ, രൂപത്തിലും ഭാവത്തിലും ആ പഴയ സേതുരാമയ്യരായുള്ള മമ്മൂട്ടിയെ കാണാൻ സിബിഐ അഞ്ചാം ഭാഗം ചിത്രീകരണം തുടങ്ങിയ അന്നുമുതൽ കൗതുകത്തോടെ കാത്തിരിക്കുകയാണ് മലയാളക്കര ഒന്നടങ്കം. എന്നാൽ സിനിമയുടെ ചിത്രീകരണം ഭൂരിഭാഗം കഴിഞ്ഞിട്ടും സേതുരാമയ്യരുടെ ഒരു സ്റ്റിൽ പോലും പുറത്തുവന്നിട്ടില്ല..
മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാകാൻ ഒരുങ്ങുന്ന സിബിഐ സീരീസ് അഞ്ചാം ഭാഗത്തിന്റെ ടൈറ്റിലും കേരളക്കര ആകാംക്ഷയോടെ കാത്തിരിക്കുന്ന സേതുരാമയ്യരുടെ ഫസ്റ്റ് ലുക്കും തലമുറകളെ ത്രസിപ്പിച്ച തീം മ്യൂസിക്കിന്റെ പുതിയ പതിപ്പിന്റെ അകമ്പടിയോടെ എത്തുന്ന മോഷൻ പോസ്റ്റർ 2022 ഫെബ്രുവരി 26, വൈകീട്ട് അഞ്ചു മണിയ്ക്ക് മമ്മൂട്ടി തന്റെ ഫേസ് ബുക്ക് പേജിലൂടെ പ്രേക്ഷകലോകത്തിനു മുന്നിലെത്തിക്കും.
സൈന മൂവീസ് യു ട്യൂബ് ചാനലാണ് വീഡിയോ പുറത്തിറക്കുന്നത്.
ഒരേ നടനും സംവിധായകനും തിരക്കഥാകൃത്തുമായി ഒരു സിനിമയുടെ അഞ്ചാം ഭാഗം എന്നത് ലോക സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമാണ്.
സ്വർഗചിത്രയുടെ ബാനറിൽ സ്വർഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയിൽ നിരവധി ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച സ്വർഗ്ഗചിത്രയുടെ വർഷങ്ങൾക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.
മമ്മൂട്ടിയോടൊപ്പം രഞ്ജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ,മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ,അസീസ് നെടുമങ്ങാട്, ഹരീഷ് രാജു,ഇടവേള ബാബു,ആശാ ശരത്ത്, കനിഹ,മാളവിക മേനോൻ, അൻസിബ,മാളവിക നായർ മായാ വിശ്വനാഥ്,സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ശ്യാം, രാജാമണി എന്നിവർ ഒരുക്കിയ പ്രസിദ്ധമായ തീം മ്യൂസിക്കിനെ പുതിയ കാലത്തിലേക്ക് ഒരുക്കി അവതരിപ്പിക്കുന്നത് യുവ സംഗീത സംവിധായകരിൽ ശ്രദ്ധേയനായ ജേക്സ് ബിജോയ് ആണ്. സൈന വീഡിയോസ് റെക്കോർഡ് തുകയ്ക്കാണ് മ്യൂസിക് റൈറ്റ് സ്വന്തമാക്കിയത്.
യുവനിരയിൽ ശ്രദ്ധേയനായ അഖിൽ ജോർജ്ജ് ആണ് ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിങ് ശ്രീകർ പ്രസാദ്.
ബാനർ- സ്വർഗ്ഗചിത്ര
നിർമാണം- അപ്പച്ചൻ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ബാബു ഷാഹിർ
അസോസിയേറ്റ് ഡയറക്ടർ -ബോസ് വി
പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ
സ്റ്റുഡിയോ -സപ്ത റെക്കോർഡ്സ്
ആർട്ട് ഡയറക്ടർ -സിറിൾ കുരുവിള
കോസ്റ്റ്യൂം- സ്റ്റെഫി സേവ്യർ
മേക്കപ്പ്- പ്രദീപ് രംഗൻ
സ്റ്റിൽസ്- സലീഷ് ഷ് കുമാർ
വിതരണം – സ്വർഗ്ഗചിത്ര
പി ആർ ഒ -മഞ്ജു ഗോപിനാഥ്.
മീഡിയ മാർക്കറ്റിംഗ് – മമ്മൂട്ടി ടൈംസ്.