തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോര് നടക്കുന്നതിനാല്‍ കേന്ദ്രം സംസ്ഥാനത്തെ അവഗണിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ പരാതി. വായ്പ പരിധി കൂട്ടണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല . ഇത് സിഎഎയോടുള്ള സംസ്ഥാനത്തിന്‍റെ എതിര്‍പ്പുകൊണ്ടാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു . ബജറ്റില്‍ റബറിന്‍റെ താങ്ങുവില 200 രൂപയായി ഉയര്‍ത്തണമെന്നും സംസ്ഥാനം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായി നില്‍ക്കുന്നതിനാല്‍ വികസനപദ്ധതികളില്‍ കേരളത്തെ ഒഴിവാക്കുന്നുവെന്നാണ് സര്‍ക്കാരിന്‍റെ ആക്ഷേപം. വായ്പ പരിധി 3 ശതമാനം, അതായത് 24,000 കോടി രൂപയായി ഉയര്‍ത്തണമെന്ന് സംസ്ഥാനം നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഇത് അംഗീകരിച്ചിട്ടില്ല . പ്രളയക്കെടുതി നേരിടുന്നതിന് ചോദിച്ച സഹായം നല്‍കാത്തതും ഇതിന്‍റെ ഭാഗമാണെന്ന് സര്‍ക്കാര്‍ ആരോപിച്ചു .
കഴിഞ്ഞ ബജറ്റില്‍ കേരളം ഉന്നയിച്ച ആവശ്യങ്ങളൊന്നും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. കഴിഞ്ഞതവണ ഉന്നയിച്ച പല ആവശ്യങ്ങളും ഇത്തവണയും മുന്നോട്ട് വെക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം . റബ്ബര്‍ താങ്ങുവില 150 രൂപയില്‍ നിന്ന് 200 രൂപയാക്കിയാല്‍ പകുതി സംസ്ഥാനം വഹിക്കാമെന്നാണ് സംസ്ഥാനത്തിന്‍റെ വാഗ്ദാനം. കൊച്ചിന്‍ ഷിപ്പിയാഡ്, വെള്ളൂര്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറി, തിരുവനന്തപുരം വിമാനത്താവളം എന്നിവയുടെ ഓഹരി വില്‍ക്കുമ്ബോള്‍ സ്വകാര്യമേഖലക്ക് പകരം സംസ്ഥാനസര്‍ക്കാരിനെ പരിഗണിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെടും.