വിശാഖപട്ടണം: സാനിയ മിര്‍സയുടെ ചിത്രത്തിന് പി.ടി ഉഷയെന്ന് പേര് നല്‍കിയ വിശാഖപട്ടണം ജില്ലാ ഭരണകൂടത്തെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ!!
ദേശീയ കായിക ദിനാഘോഷത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡിലാണ് വലിയ പിഴ കണ്ടെത്തിയത്. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയോട് അനുബന്ധിച്ച് 2k വാക്കത്തോണും സംഘാടകര്‍ സംഘടിപ്പിച്ചിരുന്നു.
ഇതിന് വേണ്ടി തയാറാക്കിയ ഫ്ലക്സ് ബോര്‍ഡിലെ പിഴയാണ് ജില്ലാ ഭരണകൂടത്തെ ട്രോളുകള്‍ക്ക് ഇരയാക്കിയിരിക്കുന്നത്. ബീച്ച് റോഡിന് സമീപം ചടങ്ങ് നടക്കാനിരിക്കുന്ന സബ്‌മറൈന്‍ മ്യൂസിയ പരിസരത്താണ് ഫ്ലക്സ് സ്ഥാപിച്ചിരുന്നത്.
രാവിലെ നടക്കാനിറങ്ങിയ സമീപവാസിയാണ് ഫ്ലക്സിലെ തെറ്റ് കണ്ടെത്തിയത്. തുടര്‍ന്ന് ഫ്ലക്സിന്‍റെ ചിത്രമെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു.
‘ഫിറ്റ് ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ബീച്ച് റോഡില്‍ വിവിധ കായിക താരങ്ങളുടെ ചിത്രങ്ങള്‍ പതിച്ച പോസ്റ്റര്‍ സ്ഥാപിച്ചിരുന്നു. ഇതിലൊന്നിലാണ് സാനിയ മിര്‍സയുടെ ചിത്രത്തിന് താഴെ പിടി ഉഷ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ജില്ലാ ഭരണകൂടം ഇതുവരെ വിഷയത്തോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.നിരവധി ആളുകളാണ് അധികൃതരുടെ കായിക രംഗത്തെ അജ്ഞതയെക്കുറിച്ച് പരിഹസിച്ച് രംഗത്തെത്തി.
ചിലരാകട്ടെ പിടി ഉഷയാണോ സാനിയ മിര്‍സയാണോ മികച്ച താരമെന്ന് സംശയമുള്ളതിനാലാണ് ഇങ്ങനെ ഫ്‌ളക്‌സ് അച്ചടിച്ചതെന്നും പരിഹസിച്ചു.
സാനിയ മിര്‍സയെയും പി ടി ഉഷയെയും തിരിച്ചറിയാത്തവര്‍ എങ്ങനെയാണ് സംസ്ഥാനത്തെ കായിക രംഗം മെച്ചപ്പെടുത്തുകയെന്നാണ് ചിലരുടെ ചോദ്യം.
ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി, കായിക മന്ത്രി അവന്തി ശ്രീനിവാസ് എന്നിവരുടെ ചിത്രവും ഫ്‌ളക്‌സ് ബോര്‍ഡിലുണ്ട്.