സാങ്കേതിക തകരാര്‍ : ജിഐസാറ്റ് 1 വിക്ഷേപണം മാറ്റി ; അനിശ്ചിതമായി നീളാന്‍ സാധ്യത

കൗണ്ട്‌ഡൗണ്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ ജിഐസാറ്റ്‌–1 ഉപഗ്രഹ വിക്ഷേപണം ഐഎസ്‌ആര്‍ഒ മാറ്റി വച്ചു. സാങ്കേതിക തകരാര്‍ മൂലമാണ്‌ വിക്ഷേപണം മാറ്റുന്നതെന്ന്‌ ഐഎസ്‌ആര്‍ഒ അറിയിച്ചു. കൗണ്ട്‌ ഡൗണ്‍ ആരംഭിക്കുന്നതിന്‌ പത്തു മിനിറ്റുമുമ്ബാണ്‌ വിക്ഷേപണം മാറ്റിയ അറിയിപ്പുണ്ടായത്‌.

പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള ഉപഗ്രഹം വ്യാഴാഴ്‌ച വൈകിട്ട്‌ 5.43ന്‌ വിക്ഷേപിക്കാനായിരുന്നു നിശ്‌ചയിച്ചിരുന്നത്‌. ശ്രീഹരിക്കോട്ട സതീഷ്‌ധവാന്‍ സ്‌പേയ്‌സ്‌സെന്ററില്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലായിരുന്നു. വിക്ഷേപണത്തിന്‌ മുന്നോടിയായുള്ള കൗണ്ട്‌ഡൗണ്‍ ബുധനാഴ്‌ച ഉച്ചകഴിഞ്ഞാണ്‌ ആരംഭിക്കാനിരുന്നത്‌. ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവനടക്കമുള്ളവര്‍ ശ്രീഹരിക്കോട്ടയിലുണ്ടായിരുന്നു. ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ വിക്ഷേപണത്തറയിലുള്ള ജിഎസ്‌എല്‍വി–എഫ്‌ 10 റോക്കറ്റ്‌ വെഹിക്കിള്‍ അസംബ്ലി ബില്‍ഡിങ്ങിലേക്ക്‌ മാറ്റിയേക്കും. അങ്ങനെയെങ്കില്‍ വിക്ഷേപണം അനിശ്ചിതമായി നീളാനാണ്‌ സാധ്യത.

ഭൗമ നിരീക്ഷണത്തിനും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സഹായിക്കുന്നതിനുമായുള്ള രണ്ടു ഉപഗ്രഹങ്ങളില്‍ ആദ്യത്തേതാണ്‌ 2268 കിലോ ഭാരമുള്ള ജിഐസാറ്റ്‌–1.

Related posts

Leave a Comment