എറണാകുളം: സഹോദരിയെ പ്രണയിച്ച സുഹൃത്തിനെ യുവാവ് വെട്ടിയ സംഭവം ദുരഭിമാന വധശ്രമമെന്ന് പ്രാഥമിക നിഗമനം. ദളിത് യുവാവും സുഹൃത്തുമായ അഖില്‍ ശിവനും സഹോദരിയും തമ്മിലുള്ള അടുപ്പത്തെ മുഖ്യപ്രതിയായ ബേസില്‍ എല്‍ദോസ് എതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്നാണ് സുഹൃത്ത് അഖിലിനെ ബേസില്‍ വെട്ടിയത്. പ്രണയബന്ധത്തോടുള്ള എതിര്‍പ്പാണ് അക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസും പറയുന്നു.
വെട്ടേറ്റ അഖിലും മുഖ്യപ്രതിയായ ബേസില്‍ എല്‍ദോസും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരും സുഹൃത്തുക്കളുമാണ്. ഇതിനിടെയാണ് ബേസിലിന്റെ സഹോദരിയും അഖിലും പ്രണയത്തിലായി. എന്നാല്‍, ഈ പ്രണയബന്ധത്തെ ബേസില്‍ ആദ്യംമുതലേ എതിര്‍ത്തിരുന്നു. ബേസിലിനായുള്ള തെരച്ചില്‍ പൊലീസ് തുടരുകയാണ്. മകന്‍ അഖിലിനെ ആക്രമിക്കാന്‍ പോയവിവരം അറിഞ്ഞില്ലെന്നാണ് ബേസിലിന്റെ മാതാപിതാക്കള്‍ പറയുന്നത്.
അഖിലിനെ ആക്രമിച്ച ദിവസം പിതാവിന്റെ ഷര്‍ട്ടില്‍നിന്ന് പണവുമെടുത്താണ് ബേസില്‍ പുറത്തുപോയത്. ബേസില്‍ വീട്ടില്‍നിന്നിറങ്ങിയ വിവരം സഹോദരി കാമുകനായ അഖിലിനെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സുഹൃത്തിനൊപ്പം മുഖാവരണം വാങ്ങാനെത്തിയ അഖിലിനെ കടയില്‍നിന്ന് വിളിച്ചിറക്കി ബേസില്‍ അക്രമിച്ചത്. വടിവാള്‍ കൊണ്ട് വലതുകെെക്കാണ് വെട്ടിയത്. വലത് കൈക്കുഴയ്ക്കു മുകളിലെ മണിബന്ധം വെട്ടേറ്റ് മുറിഞ്ഞു തൂങ്ങി.
അഖില്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. ചെറുവിരലിന്റെ ഒരു വശം ഏകദേശം അറ്റുപോയ നിലയിലാണ്. കഴുത്തിനുള്ള വെട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ അഖില്‍ ധരിച്ചിരുന്ന ഹെല്‍മെറ്റില്‍ വാള്‍ തട്ടുകയായിരുന്നു. പുരികത്തിനും നെറ്റിക്കും ഇടയിലും മുറിവേറ്റു. സംഭവശേഷം ബേസില്‍ ബെെക്കില്‍ കടന്നുകളയുകയായിരുന്നു. ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, കേസിലെ രണ്ടാംപ്രതിയായ 17 വയസുകാരനെ പൊലീസ് പിടികൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോതമംഗലം സ്വദേശിയാണ് പിടിയിലായത്. ഈ 17 കാരനൊപ്പമാണ് ബേസില്‍ അഖിലിനെ ആക്രമിക്കാന്‍ എത്തിയതെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.