കൊച്ചി ∙ പരസ്പര സമ്മതപ്രകാരമുള്ള ബന്ധത്തെ തുടർന്നു സഹപാഠിയിൽനിന്നു ഗർഭിണിയായ ഇരുപത്തിമൂന്നുകാരിയായ എംബിഎ വിദ്യാർഥിനിയുടെ 27 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി.
കുഞ്ഞിനു ജന്മം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്ത്രീയുടെ അവകാശത്തിൽ നിയന്ത്രണങ്ങൾ ഇല്ലെന്നും അത് സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിൻറെ ഭാഗമാണെന്നും ജസ്റ്റിസ് വി.ജി.അരുൺ വ്യക്തമാക്കി.
പുറത്തെടുക്കുന്ന സമയത്ത് ശിശുവിന് ജീവനുണ്ടെങ്കിൽ എറ്റവും മികച്ച പരിരക്ഷ ആശുപത്രി അധികൃതർ ഒരുക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഗർഭം തുടരുന്നതു യുവതിയുടെ ജീവനു ഭീഷണിയാണെന്ന് കോടതി നിർദേശപ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു.
പോളിസിസ്റ്റിക് ഓവേറിയൻ രോഗാവസ്ഥ നേരിടുന്ന യുവതി അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലെത്തി അൾട്രാസൗണ്ട് സ്കാനിങ് നടത്തിയപ്പോഴാണ് ഗർഭിണിയാണെന്ന വിവരമറിഞ്ഞത്.
തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായി. യുവതിയുടെ സഹപാഠി ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്കു പോയിരുന്നു.
ഗർഭം തുടർന്നാൽ തന്റെ മാനസിക സമ്മർദം വർദ്ധിപ്പിക്കുമെന്നും വിദ്യാഭ്യാസത്തെ ബാധിക്കുമെന്നും അതിനാൽ അലസിപ്പിക്കാൻ അനുവദിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം.
ഗർഭം 24 ആഴ്ച പിന്നിട്ടതിനാൽ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി നിയമപ്രകാരം അലസിപ്പിക്കാൻ ആശുപത്രികൾ തയ്യാറായില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്.
കോടതി നിർദേശത്തെ തുടർന്ന് രൂപീകരിച്ച മെഡിക്കൽ ബോർഡ്, ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാകില്ലെങ്കിലും മാനസിക നിലയെ ബാധിക്കുമെന്നും റിപ്പോർട്ട് നൽകി.