സലാം എയര്‍ ഇന്ന് മുതല്‍ തിരുവനന്തപുരത്ത് നിന്നും

ശംഖുംമുഖം: ഒമാനിലെ ചെലവുകുറഞ്ഞ എയര്‍ലൈനായ സലാം എയര്‍ ഇന്ന് മുതല്‍ തിരുവനന്തപുരത്ത് നിന്ന് പറന്ന് തുടങ്ങും.

വെള്ളിയാഴ്ച രാത്രി 10.30ന് മസ്കത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനം ശനിയാഴ്ച പുലര്‍ച്ച 3.50ന് തിരുവനന്തപുരെത്തത്തും. തിരികെ 4.35ന് പുറപ്പെട്ട് 6.50ന് മസ്കത്തില്‍ എത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍.

വേനല്‍ക്കാല ഷെഡ്യൂളില്‍ തിരുവനന്തപുരത്തുനിന്ന് ആദ്യമായി സര്‍വിസ് തുടങ്ങുന്ന പുതിയ എയര്‍ലൈന്‍സാണ് സലാം എയര്‍. തിരുവനന്തപുരത്ത് നിന്ന് ബാങ്കോക്ക് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള സര്‍വിസിനും അനുമതി ലഭിച്ചിട്ടുണ്ട്. പുതിയ സര്‍വിസുകള്‍ക്കൊപ്പം യാത്രക്കാരുടെ സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കാനുള്ള നടപടികളും വിമാനത്താവള ചുമതലയുള്ള അദാനി ഗ്രൂപ് തുടങ്ങി.

യൂറോപ്പിലേക്കും ആസ്ട്രേലിയയിലേക്കും നേരിട്ട് പറക്കുന്നതിനുള്ള സര്‍വിസുകളും ഉടന്‍ തുടങ്ങും. നിലവില്‍ ഗള്‍ഫ് രാജ്യങ്ങള്‍ വഴിയുള്ള കണക്ഷന്‍ സര്‍വിസുകളിലൂടെയേ ഇവിടങ്ങളിലേക്ക് പറക്കാനാവൂ.

തിരുവനന്തപുരത്ത് നിന്നും സിംഗപ്പൂരിലേക്ക് പറക്കുന്ന ബജറ്റ് എയര്‍ലൈനായ സ്കൂട്ട് എയര്‍ലൈസ് അമേരിക്കയിലേക്കും ആസ്ട്രേലിയയിലേക്കും കണക്ഷന്‍ യാത്രയൊരുക്കും. വരും ദിവസങ്ങളില്‍ മലേഷ്യന്‍ എയര്‍ലൈന്‍സും തിരുവനന്തപുരത്തുനിന്ന് സര്‍വിസ് തുടങ്ങും.

എന്നാല്‍ തിരുവനന്തപുരത്ത് നിന്ന് കൂടുതല്‍ യാത്രക്കാരുള്ള സൗദിയിലേക്ക് നേരിട്ട് സര്‍വിസ് ഇല്ലാത്തത് യാത്രക്കാരെ ഇപ്പോഴും ഏറെ വലക്കുകയാണ്.

Related posts

Leave a Comment