സര്‍ക്കാര്‍ ഊരാക്കുടുക്കില്‍; സ്വപ്‌നയ്ക്ക് ഭരണത്തലപ്പത്ത് നിഗൂഢബന്ധങ്ങള്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ മുഖ്യസൂത്രധാര സ്വപ്ന സുരേഷിനെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവ​ഗണിച്ചു.

വ്യാജ രേഖ കേസിലെ പ്രതി ഐ.ടി വകുപ്പില്‍ ജോലി ചെയ്യുന്നതായിയ മെയ് മാസത്തില്‍ ഇന്റലിജന്‍സ് സര്‍ക്കാറിനെ അറിയിച്ചിരുന്നു. സ്വപ്നയുടെ ഉന്നത ബന്ധവും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. എന്നാല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ മടികാണിച്ചു.

അതേസമയം എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നല്‍കിയ കേസില്‍ സ്വപ്നയ്ക്കെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറിയിച്ചു.

ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണ്ണം എത്തിച്ചത് ഭക്ഷ്യവസ്തുക്കള്‍ എന്ന പേരിലെന്നാണ് റിമാന്‍ഡ് റിപോര്‍ട്ട് . യു.എ.ഇയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ബാഗേജ് അയച്ചത് ഫാസില്‍ എന്നയാളെണെന്ന് കസ്റ്റംസ് വ്യക്തമാക്കി.

കോവിഡ് വിഷയത്തില്‍ പ്രതിച്ഛായ മെച്ചപ്പെടുത്തി മുന്നേറിയ പിണറായി സര്‍ക്കാറിന് കിട്ടിയ കനത്ത പ്രഹരമാണ് യുഎഇ കോണ്‍സിലേറ്റിലേക്കെന്ന വ്യാജേന സ്വര്‍ണം കടത്തിയ സംഭവം. കള്ളക്കടത്തിലെ വിവാദ നായിക സ്വപ്‌ന സുരേഷിന് സര്‍ക്കാറിനെ ഉന്നതരുമായുള്ള ബന്ധം കുടി പുറത്തുവന്നതോടെ പ്രതിപക്ഷം ശക്തമായ ആയുധമാക്കുകയാണ്. മുഖ്യമന്ത്രിക്ക് കീഴിലുള്ള ഐ.ടി. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ യുവതിക്കുള്ള സൗഹൃദം തന്നെയാണ് ഇതിലെ പ്രധാന ആയുധം. ഒരുകാലത്ത് സരിതക്കാലം ആഘോഷിച്ച എല്‍ഡിഎഫിന് കാലം കാത്തുവെച്ച മറുപടിയാണ് ‘സ്വപ്‌നക്കാലം’.

ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും ബിജെപി.യും മുഖ്യമന്ത്രിയുടെ ഓഫീസിനെ കടന്നാക്രമിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് മാഫിയസംഘങ്ങളുടെ അഭയകേന്ദ്രമായി മാറിയെന്ന് കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. സ്വപ്നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധമുണ്ടെന്നായിരുന്നു ബിജെപി. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്റെ ആരോപണം. ശിവശങ്കരന്റെ താല്‍പ്പര്യമാണ് സ്വപ്നയെ സുപ്രധാന തസ്തികയില്‍ നിയമിച്ചതിന് പിന്നിലുള്ളത്. ബാഗേജ് വിട്ടു കിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഫോണ്‍വിളി കൂടി പുറത്തുപോയതോടെ സര്‍ക്കാര്‍ തീര്‍ത്തും പ്രതിരോധത്തിലായ അവസ്ഥയിലാണ്.

സ്വപ്നാസുരേഷിന്റെ ഐ.ടി. വകുപ്പിലെ നിയമനവും വിവാദത്തില്‍. കോണ്‍സുലേറ്റില്‍നിന്ന് പുറത്താക്കിയ ഇവരെ യോഗ്യതയുള്ളവരെ തഴഞ്ഞാണ് ഐ.ടി. വകുപ്പിന്റെ പാര്‍ക്കില്‍ ഓപ്പറേഷന്‍ മാനേജരായി നിയമനം നല്‍കിയതെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ള ഐ.ടി. വകുപ്പിലെ ഉന്നത ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് ഇതിന് സഹായിച്ചതെന്നാണ് പ്രധാന ആരോപണം. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളെല്ലാം അതിനുള്ള തെളിവ് വ്യക്തമാക്കുന്നതുമാണ്.

തെളിവായി ഐ.എ.എസ്. ഉദ്യോഗസ്ഥനൊപ്പം ഇവര്‍ നില്‍ക്കുന്ന ചിത്രവും കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചു. പരാതിയുയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇവരെ ജോലിയില്‍നിന്ന് പുറത്താക്കിയതായി ഐ.ടി. വകുപ്പിന്റെ വിശദീകരണവും എത്തി. ഹെസ്സ് ഇ-ബസ് ഇടപാട്, പ്രൈസ്വാട്ടര്‍ ഹൗസ്‌കൂപ്പര്‍ കണ്‍സള്‍ട്ടന്‍സി എന്നിവയില്‍ പ്രതിസന്ധിയിലായ ഐ.ടി.വകുപ്പിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ നിയമനം.

കസ്റ്റംസിന്റെ പിടിയിലായ കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒ.യും തിരുവല്ലം സ്വദേശിയുമായ സരിത്തില്‍നിന്നാണ് കൂട്ടാളിയായ സ്വപ്നയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. സരിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. 15 കോടിരൂപ വിലവരുന്ന 30 കിലോ സ്വര്‍ണമാണ് യു.എ.ഇ. കോണ്‍സുലേറ്റിന്റെ പേരില്‍വന്ന ഡിപ്ലോമാറ്റിക് പാഴ്സലില്‍ കണ്ടെത്തിയത്. 2019 മുതല്‍ ഈ രീതിയില്‍ സ്വര്‍ണം കടത്തിയിരുന്നതായി സരിത്ത് കസ്റ്റംസിന് മൊഴിനല്‍കി. കസ്റ്റംസിന്റെ കൊച്ചി യൂണിറ്റാണ് കേസന്വേഷിക്കുന്നത്.

കേസില്‍പ്പെട്ടതിനുപിന്നാലെ ഐ.ടി. പാര്‍ക്കിലെ ജോലിയില്‍നിന്ന് സ്വപ്നയെ സര്‍ക്കാര്‍ പുറത്താക്കി. സ്വപ്നയുടെ ഉന്നതബന്ധങ്ങള്‍ ഉന്നയിച്ച്‌ പ്രതിപക്ഷം രംഗത്തെത്തിയതോടെ സംഭവത്തിന് രാഷ്ട്രീയമാനവും കൈവന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായും ഐ.ടി. സെക്രട്ടറി എം. ശിവശങ്കറുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. ഒരുലക്ഷം രൂപയ്ക്കുമേല്‍ ശന്പളമുള്ള നിയമനം വഴിവിട്ടാണെന്നും ആരോപണം ഉയര്‍ന്നു.

സ്വപ്നയുടെ തിരുവനന്തപുരം അമ്ബലമുക്കിലെ ഫ്‌ളാറ്റില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇവിടത്തെ നിരീക്ഷണക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചു. ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തു. സ്വര്‍ണക്കടത്തിലെ കൂട്ടാളികള്‍ ഫ്‌ളാറ്റില്‍ എത്തിയിരുന്നതായി സൂചനയുണ്ട്. കടത്തുകാര്‍ മറയാക്കിയത് യു.എ.ഇ. കോണ്‍സുലേറ്റുമായി ഇന്ത്യയ്ക്കുള്ള മികച്ച നയതന്ത്രബന്ധം. എംബസി ഉദ്യോഗസ്ഥര്‍ക്ക് നാട്ടില്‍നിന്നുള്ള ഭക്ഷണസാധനങ്ങളെന്നു പറഞ്ഞായിരുന്നു കടത്ത്. കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗ് തുറക്കാന്‍ സാധാരണ വിദേശമന്ത്രാലയം അനുമതി നല്‍കില്ല. അനുമതി ആവശ്യപ്പെട്ടാല്‍പോലും രണ്ടോമൂന്നോ ദിവസം വേണ്ടിവരും. ഇതിനിടെ സമ്മര്‍ദംചെലുത്തി ബാഗ് കൊണ്ടുപോകാന്‍ കഴിയും. ഈ പഴുതാണ് ഉപയോഗിച്ചത്. ഇതേസമയം, സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നാണ് കോണ്‍സുലേറ്റിന്റെ വിശദീകരണം.

സ്വര്‍ണം കടത്തിയ നയതന്ത്രബാഗ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചപ്പോള്‍ സരിത്തിനൊപ്പം വിമാനത്താവളത്തിലെത്തിയയാള്‍. ‘അറബി’ വേഷത്തിലായിരുന്നു ഇയാള്‍. എംബസി ഉദ്യോഗസ്ഥനെന്ന നിലയിലാണ് ഇദ്ദേഹത്തെ കൊണ്ടുവന്നത്. ഇദ്ദേഹം യഥാര്‍ഥത്തില്‍ എംബസി ഉദ്യോഗസ്ഥനാണോയെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള ഒരു ഉന്നതന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഫോണില്‍ ബന്ധപ്പെട്ടതായും ആരോപണമുണ്ട്.

Related posts

Leave a Comment