സര്‍ക്കാരിനെ ‘കമഴ്‌ത്തി’ ശിവശങ്കറും സ്വപ്‌നയും റിയല്‍ എസ്‌റ്റേറ്റില്‍ നിന്ന് മാത്രം കൊയ‌്തത് 110 കോടി, ലക്ഷ്യം ദുബായില്‍ ബിസിനസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയുമായി ചേര്‍ന്ന് ദുബായില്‍ ഐ.ടി ബിസിനസ് തുടങ്ങാന്‍ മുന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍ പദ്ധതിയിട്ടെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തി. സ്വപ്നയുടെ ഫോണുകള്‍, ലാപ്‌ടോപ്പ് എന്നിവയില്‍ നിന്ന് വീണ്ടെടുത്ത വിവരങ്ങളില്‍ ഇതും ഉള്‍പ്പെടുന്നു.

സര്‍ക്കാര്‍ പദ്ധതികളിലും ഐ.ടി പാര്‍ക്കുകളുമായി ബന്ധപ്പെട്ട റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലും ലഭിച്ച കോടികളുടെ കമ്മിഷന്‍ ബിസിനസിലിറക്കാനായിരുന്നു പ്ലാന്‍. വിവിധ ഇടപാടുകളില്‍ 110 കോടിയുടെ കോഴയിടപാട് നടന്നതായാണ് ഇ.ഡിക്കു കിട്ടിയ വിവരം. സന്ദീപ് നായരും ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇ.ഡിക്കു നല്‍കി. ഒരു ഐ.ടി പദ്ധതിയിലെ 30 കോടി കോഴ ഗള്‍ഫിലാണ് കൈമാറിയത്. തിരുവനന്തപുരത്തെ രണ്ട് ലോക്കറുകളില്‍ നിന്ന് പിടിച്ച ഒരു കോടി രൂപ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ കമ്മിഷനാണെന്നാണ് സ്വപ്ന ആദ്യം മൊഴി നല്‍കിയിരുന്നത്.

ഐ.ടി പാര്‍ക്കുകള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി സ്വകാര്യ സംരംഭകര്‍ക്ക് കൈമാറിയതും ദുരൂഹമാണ്. ടെക്‌നോപാര്‍ക്കില്‍ അമേരിക്കന്‍ കമ്ബനിയുമായുള്ള ഇടപാടുകളെക്കുറിച്ച്‌ അന്വേഷണം തുടങ്ങി. എല്ലാ ഐ.ടി പാര്‍ക്കുകളുടെയും ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെക്കുറിച്ചും അന്വേഷണമുണ്ട്. അടുത്തിടെ ചുമതലയൊഴിഞ്ഞ ഇദ്ദേഹം കേരളം വിട്ടിരുന്നു.

കെഫോണ്‍ കരാറിലും അവിഹിത ഇടപെടല്‍

ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുള്ള കെ ഫോണ്‍ പദ്ധതിയില്‍ ശിവശങ്കറിന്റെ വഴിവിട്ട ഇടപെടല്‍ ദുരൂഹമാണെന്ന് ഇ.ഡി വ്യക്തമാക്കി. ടെന്‍ഡറിലേതിനെക്കാള്‍ 49 ശതമാനം കൂടിയ തുകയ്ക്കാണ് കരാര്‍ നല്‍കിയത്. 1028 കോടിക്ക് ടെന്‍ഡര്‍ വിളിച്ച പദ്ധതിക്ക് 1531കോടിയുടെ കരാര്‍ മന്ത്രിസഭാ തീരുമാനത്തിന് കാത്തുനില്‍ക്കാതെ ഉറപ്പിക്കാന്‍ ഐ.ടി ഇന്‍ഫ്രാസ്ട്രക്ചറിന് ശിവശങ്കര്‍ നിര്‍ദേശം നല്‍കി. മന്ത്രിസഭ ടെന്‍ഡറിന് പിന്നീട് അനുമതി നല്‍കി.

ഏഴു വര്‍ഷത്തെ പ്രവര്‍ത്തനച്ചെലവ് കൂടി കണക്കാക്കിയതാണ് കരാര്‍ തുക ഉയരാന്‍ കാരണമെന്നാണ് വാദം. എന്നാല്‍, ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഇതു കണക്കുകൂട്ടാത്തത് ദുരൂഹമാണ്. കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഭെല്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യമാണ് കരാര്‍ നേടിയെടുത്തത്. പ്രവാസി വ്യവസായി പി.എന്‍.സി മേനോന്റെ കമ്ബനിയും ടെന്‍ഡറിനുണ്ടായിരുന്നു.

സി.ബി.ഐ അന്വേഷിച്ചേക്കും

ഐ.എ.എസ് ഉദ്യോഗസ്ഥനുള്‍പ്പെട്ട റിയല്‍ എസ്റ്റേറ്റ് ഇടപാടുകളായതിനാല്‍ സി.ബി.ഐ അന്വേഷണത്തിന് ഇ.ഡി ശുപാര്‍ശ ചെയ്യും.

അതേസമയം, നയതന്ത്രചാനല്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ മൂവാറ്റുപുഴ പെരുമറ്റം സ്വദേശി റബിന്‍സ് കെ.ഹമീദിനെ (42) ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റു ചെയ്തു. യു.എ.ഇയില്‍ നിന്ന് നാടുകടത്തിയതോടെ ഇന്നലെ നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്.

പത്താം പ്രതി റബിന്‍സാണ് യു.എ.ഇയില്‍ നിന്ന് ഇലക്‌ട്രോണിക്സ് സാധനങ്ങള്‍ക്കുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച്‌ കടത്തിയതിന്റെ സൂത്രധാരന്‍. അഞ്ചാം പ്രതിയായ കെ.ടി.റെമീസ്, ആറാം പ്രതിയായ എ.എം.ജലാല്‍ എന്നിവരുമായി ഗൂഢാലോചന നടത്തി സ്വര്‍ണക്കടത്തിനുള്ള പണവും സമാഹരിച്ചു. കേസില്‍ റബിന്‍സിന്റെ പങ്ക് വ്യക്തമായതോടെ എന്‍.ഐ.എ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ബ്ളൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ റബിന്‍സിനെ നാടുകടത്തുന്നത് വൈകി.

സ്വര്‍ണക്കടത്തിനായി യു.എ.ഇയുടെ വ്യാജ എംബ്ളവും സ്റ്റിക്കറ്റും തയ്യാറാക്കിയ തൃശൂര്‍ കൈപ്പമംഗലം സ്വദേശി ഫൈസല്‍ ഫരീദ് യു.എ.ഇ ജയിലിലാണ്. ഇയാളെ വിട്ടുകിട്ടാന്‍ എന്‍.ഐ.എ ശ്രമം നടത്തിയെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല.

Related posts

Leave a Comment