കല്‍പ്പറ്റ: സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി പോലീസിനെ വെല്ലുവിളിച്ച ഗുണ്ട, നെല്ലായി പന്തല്ലൂര്‍ മച്ചിങ്ങല്‍ വീട്ടില്‍ ഷൈജു (പല്ലന് ഷൈജു-43) പിടിയില്‍.
വയനാട്ടില്‍ നിന്നാണ് ഇയാളെ കോട്ടക്കല്‍ പോലീസ് പിടികൂടിയത്. നിരവധി കേസുകളി പ്രതിയായ ഷൈജു സാമൂഹിക മാധ്യമങ്ങളില്‍ കൂടി പോലീസിനെ വെല്ലുവിളിച്ചിരുന്നു.
വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ ആണ് ഇയാള്‍ പിടിയിലായത്. മലപ്പുറം എസ് പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടക്കല്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം റിസോര്‍ട്ടിലെത്തി ഇയാളെ പിടികൂടുകയായിരുന്നു.
തൃശ്ശൂര്‍ കൊടകര സ്വദേശിയായിരുന്ന പല്ലന് ഷൈജുവിനെ കഴിഞ്ഞ മാസം ഗുണ്ടാ നിയമപ്രകാരം കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. ഒരു വര്‍ഷത്തേക്ക് തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. ജില്ലയില്‍ പ്രവേശിച്ചു എന്ന് തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കാം. ഇതിന് പിന്നാലെ ‘താന്‍ കടലിലാണ് ഉള്ളത്. അതിര്‍ത്തികളില്‍ താന്‍ ഉണ്ട്’ എന്ന് പറഞ്ഞ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു.
തൃശ്ശൂര്‍ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ ഗുണ്ടാസംഘ നേതാവായ ഷൈജു പിന്നീട് കുഴല്‍പ്പണം തട്ടുന്ന സംഘത്തിന്റെ നേതാവായി മാറി. തൃശ്ശൂരില്‍നിന്ന് പന്തല്ലൂരിലേക്ക് വര്‍ഷങ്ങള്‍ക്കുമുന്‍പ് താമസംമാറ്റുകയായിരുന്നുവെന്നും പോലീസ് പറയുന്നു. ജില്ലയില്‍ തന്നെ നിരവധി വീടുകളില്‍ കയറി ആക്രമിച്ചതിന്റെ പേരിലുള്ള കേസുകളിലും, കൊലപാതക ശ്രമ കേസുകളിലും പ്രതിയാണ് പല്ലന് ഷൈജു.