സമുദ്രത്തില്‍ കരുത്ത് പകരാന്‍ ഇന്‍ഡ്യന്‍ കോസ്റ്റ് ഗാര്‍ഡിന് പുതിയൊരു കപ്പല്‍ കൂടി; ‘ഊര്‍ജ പ്രവാഹ’ കൊച്ചിയിലെത്തി

കൊച്ചി:  ഇന്‍ഡ്യന്‍ കോസ്റ്റ് ഗാര്‍ഡിന് പുതിയൊരു കപ്പല്‍ കൂടി. ഗുജറാതിലെ ബറൂചിലെ കപ്പല്‍ നിര്‍മാണ ശാലയില്‍ നിന്ന് കടലിലിറക്കിയ ‘ഊര്‍ജ പ്രവാഹ’ എന്ന് പേരിട്ടിരിക്കുന്ന ഈ കപ്പല്‍ (Auxiliary Barge) വെള്ളിയാഴ്ച കൊച്ചിയിലെത്തി.

2017 മുതല്‍ കൊച്ചിയിലുള്ള മറ്റൊരു ഓക്സിലറി ബാര്‍ജായ ഊര്‍ജ ശ്രോതയ്ക്ക് പുറമേ ഊര്‍ജ പ്രവാഹയും കോസ്റ്റ് ഗാര്‍ഡ് ജില്ലാ ആസ്ഥാനം-4 (കേരളം, മാഹി) ന്റെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് ഇന്‍ഡ്യന്‍ കോസ്റ്റ് ഗാര്‍ഡ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഇഇസെഡ്, ലക്ഷദ്വീപ്/മിനിക്കോയ് ദ്വീപുകള്‍ എന്നിവയുള്‍പെടെയുള്ള സമുദ്ര പ്രവര്‍ത്തന മേഖലകളിലെ വിദൂര പ്രദേശങ്ങളില്‍ വിന്യസിച്ചിരിക്കുന്ന കപ്പലുകള്‍ക്കും ജീവനക്കാര്‍ക്കും

ആവശ്യമായ സേവനങ്ങളും വസ്തുക്കളും ഊര്‍ജ പ്രവാഹ എത്തിച്ചുനല്‍കും. കപ്പല്‍ ഇന്ധനം, വ്യോമയാന ഇന്ധനം, ശുദ്ധജലം എന്നിവ കൊണ്ടുപോകാന്‍ രൂപകല്‍പന ചെയ്തിട്ടുള്ള ഇതിന് 36 മീറ്റര്‍ നീളമുണ്ട്.

ഊര്‍ജ പ്രവാഹയുടെ വരവ് ഇന്‍ഡ്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കടലിലെ പ്രവര്‍ത്തന ശേഷിയെ കൂടുതല്‍ മികച്ചതാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഫോര്‍ട്‌ കൊച്ചിയിലെ ഇന്‍ഡ്യന്‍ കോസ്റ്റ് ഗാര്‍ഡ് ജെട്ടിയില്‍ വന്‍ സ്വീകരണമാണ് ഊര്‍ജ പ്രവാഹയ്ക്ക് നല്‍കിയത്.

Related posts

Leave a Comment