സന്ധ്യ വായ്പയെടുത്തത് 4 ലക്ഷം, പലിശ കുമിഞ്ഞുകൂടി 8.25 ലക്ഷം; ‘ലുലു’ നല്‍കിയ പണം ഇന്ന് മണപ്പുറം ഫിനാൻസിന് കൈമാറും

പറവൂർ: സ്വകാര്യ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതിനെത്തുടർന്ന് പെരുവഴിയിലാ‍യ വീട്ടമ്മയുടെയും രണ്ട് പിഞ്ചു കുട്ടികളുടെയും ലോണ്‍ ഇന്ന് തീർപ്പാക്കും.

വടക്കേക്കര പഞ്ചായത്ത് ഏഴാം വാർഡില്‍ മടപ്ലാത്തുരുത്ത് കണ്ണേഴത്ത് വീട്ടില്‍ സന്ധ്യയുടെയും കുഞ്ഞുങ്ങളുടെയും ദുരവസ്ഥ പുറംലോകമറിഞ്ഞതോടെ അടക്കേണ്ട 8.25 ലക്ഷം രൂപയും കുടുംബത്തിന് ജീവിതച്ചിലവിനായി 10ലക്ഷം രൂപയും നല്‍കാമെന്നേറ്റ് ലുലു ഗ്രൂപ് ഉടമ എം.എ. യൂസഫലി രംഗത്തെത്തിയിരുന്നു. ലുലു ഗ്രൂപ്പ് മീഡിയ കോഡിനേറ്റർ സ്വരാജ് നേരിട്ടെത്തി ഇന്നലെ രാത്രി തന്നെ ചെക്ക് സന്ധ്യക്ക് കൈമാറി. 10 ലക്ഷം രൂപ ഫിക്സഡ് ഡെപ്പോസിറ്റായാണ് സന്ധ്യയ്ക്ക് നല്‍കിയത്.

മണപ്പുറം ഫിനാൻസില്‍നിന്നാണ് 2019ല്‍ ഇവർ നാലുലക്ഷം രൂപ വായ്പയെടുത്തത്. ഭർത്താവിന്‍റെ പേരിലുള്ള 4.8 സെന്‍റ് സ്ഥലത്ത് ലൈഫ് ഭവനപദ്ധതിയില്‍ അനുവദിച്ച വീടിന്‍റെ നിർമാണത്തിനായിരുന്നു ഇത്. വർക്ക്ഷോപ്പ് നടത്തിയിരുന്ന ഭർത്താവ് ആദ്യത്തെ രണ്ടുവർഷം പണം തിരിച്ചടച്ചു. മൂന്നുവർഷം മുമ്ബ് ഭർത്താവ് ഉപേക്ഷിച്ചുപോയി. ഇതോടെ തിരിച്ചടവ് പ്രതിസന്ധിയിലായി. തുടർന്ന് പലിശ കുമിഞ്ഞുകൂടി 8.25 ലക്ഷം രൂപയാവുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് മണപ്പുറം ഫിനാൻസ് ജപ്തി നടപടികള്‍ പൂർത്തിയാക്കിയത്. ബാങ്ക് അധികൃതർ സന്ധ്യയുടെ വീട്ടിലെത്തി താഴ് തകർത്ത് പുതിയ താഴിട്ട് പുട്ടുകയായിരുന്നു. ജപ്തി ചെയ്യുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. സന്ധ്യ പറവൂരിലെ ഒരു ടെക്സ്റ്റൈല്‍സില്‍ ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു ജപ്ത‌ി. കുട്ടികള്‍ സ്‌കൂളിലുമായിരുന്നു. സംഭവമറിഞ്ഞ് സ്‌കൂളില്‍നിന്ന് കുട്ടികളെയും കൂട്ടി സന്ധ്യ വീട്ടിലെത്തി. സന്ധ്യയുടെയും മക്കളുടെയും വസ്ത്രങ്ങളും കുട്ടികളുടെ മരുന്നും മറ്റു വസ്‌തുക്കളും വീടിന്‍റെ അകത്തായിരുന്നു. പോകാൻ മറ്റൊരിടമില്ലാത്തതിനാല്‍ രാത്രിവരെ വീടിന് പുറത്തുതന്നെ ഇരുന്നു.

സ്ഥലത്തിന്റെ ആധാരം ഭർത്താവിന്‍റെ പേരിലും വായ്‌പ സന്ധ്യയുടെ പേരിലുമാണ്. ഹൈകോടതിയില്‍ കേസ് നല്‍കിയിരുന്നെങ്കിലും ഭർത്താവ് ഹാജരാകാതിരുന്നതിനാല്‍ ബാങ്കിന് അനുകൂലമായി വിധിയുണ്ടാകുകയായിരുന്നു. നിർധന കുടുംബത്തെ തെരുവിലേക്കിറക്കിയ നടപടിയില്‍ പ്രതിഷേധിച്ച്‌ മണപ്പുറം ഫിനാൻസിന്‍റെ മൂത്തകുന്നം ശാഖക്ക് മുന്നില്‍ വിവിധ യുവജന സംഘടനകള്‍ സമരം നടത്തി. ഒടുവില്‍ ലുലു ഗ്രൂപ്പ് പണം നല്‍കുമെന്നറിയിച്ചതോടെ ഇന്നലെ രാത്രിയോടെ മണപ്പുറം ഫിനാൻസ് ജീവനക്കാർ എത്തി വീട് തുറന്ന് നല്‍കി. സന്ധ്യയും മക്കളും വീട്ടിലേക്ക് തിരികെ പ്രവേശിച്ചു. ഇന്ന് ബാങ്കില്‍ പണമടച്ച്‌ നടപടിക്രമങ്ങള്‍ പൂർത്തിയാക്കും.

Related posts

Leave a Comment