സത്യൻ അന്തിക്കാടിനെ പരിചയപ്പെട്ട ഓർമ്മകൾ പങ്കുവയ്ക്കുകയാണ് വിനോദ് കോവൂർ.

എം ഐ ടി മൂസ, മറിമായം, രസികരാജാ നമ്പർ വൺ തുടങ്ങിയ പരിപാടികളിലൂടെ ശ്രദ്ധേയനായ നടനാണ് വിനോദ് കോവൂർ ഹാപ്പി വെഡിങ്, പുതിയ തീരങ്ങൾ സിനിമകളിൽ അഭിനയിച്ചു . ഇപ്പോൾ സത്യൻ അന്തിക്കാടിനെ പുതിയ തീരങ്ങൾ സിനിമയിൽ അഭിനയിച്ച ഓർമ്മകൾ പങ്കു വെച്ചിരിക്കുകയാണ് വിനോദ് .ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഓർമ്മകൾ പങ്കു വച്ചത് കുറുപ്പിൻറെ പൂർണ്ണരൂപം. പുതിയ തീരങ്ങളിലെ വിക്കൻ ചന്ദ്രൻ .
എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ട കഥാപാത്രം.
സത്യൻ അന്തിക്കാട് സാറിന്റെ സിനിമയിൽ അഭിനയിക്കുക എന്നത് വലിയ ഒരു മോഹമായിരുന്നു. അവസരം ചോദിച്ച് ഒരേയൊരു സംവിധായകനെ മാത്രമേ ഞാൻ കാണാൻ ചെന്നുള്ളു. അത് സത്യൻ സാറാ . അന്തിക്കാട്ടെ വീട്ടിൽ മൂന്ന് തവണ ചെന്നിട്ടും സത്യൻ സാർ സ്ഥലത്ത് ഇല്ലാത്തത് കൊണ്ട് മടങ്ങി പോരേണ്ടി വന്നു. പിന്നെ പോവാൻ വലിയ മടിയുമായ്. എന്നിലെ കലാകാരനെ ഇഷ്ട്ടപ്പെട്ട പലരും എന്റെ ചില പ്രകടനങ്ങൾ ടി വി യിലും സ്റ്റേജിലും ഒക്കെ കണ്ടിട്ട് എന്നോട് പറഞ്ഞിരുന്നു സത്യൻ അന്തിക്കാടിനെ പോയി കാണണം അദ്ദേഹം വിനോദിന് അവസരം തരും എന്ന് . ഭാര്യയും പലവട്ടം ഇക്കാര്യം പറഞ്ഞിരുന്നു. അങ്ങനെയാണ് സത്യൻ സാറിനെ കാണാനുള്ള ശ്രമം തുടങ്ങിയത്. എല്ലാം വിഫലമായ് നിരാശനായിട്ടിരിക്കുമ്പോൾ 2008 മെയ് മാസത്തിൽ എന്റെ മൊബൈലിലേക്ക് ഒരു കോൾ വന്നു. അങ്ങേ തലക്കൽ സത്യൻ അന്തിക്കാട് സാറിന്റെ ശബ്ദം. എന്നിലെ സിനിമാ മോഹം അറിയുന്ന പല സുഹൃത്തുക്കളും പലപോഴായ് ചില സംവിധായകരുടെ പേര് വിളിച്ച് എന്നെ പറ്റിക്കുമായിരുന്നു. അങ്ങനെ ആരെങ്കിലും പറ്റിക്കയാണോന്ന് കരുതി ഞാൻ ഫോൺ കട്ട് ചെയ്തു. പിന്നീട് ഒരു സംശയം തോന്നി ഒന്ന് കൺഫേം ചെയ്യാനായ് ആനമ്പറിലേക്ക് തിരിച്ച് വിളിച്ചപ്പോഴാണ് അത് സാക്ഷാൽ സത്യൻ അന്തിക്കാട് സാറാണെന്ന് ബോധ്യമായത്. എന്നെ ഉടനെ കാണണമെന്നും തൃശൂർക്ക് വരാനും പറഞ്ഞു. മൂന്നര മണിക്കൂർ കൊണ്ട് ഞാൻ KSRTC ബസിൽ തൃശൂരെത്തി. സത്യൻ സാർ കാറുമായ് വന്നു അദ്ദേഹത്തിന്റെ കൂടെ ഒരു യാത്ര . എന്റെ സ്വപ്നം പൂവണിയുന്ന യാത്ര . വീട്ടിലെത്തി സംസാരിത്തിനിടയിൽ സാറ് പറഞ്ഞു .കഴിഞ്ഞ ദിവസം വിനോദിന്റ ജാലിയൻ കണാരൻ എന്ന കോമഡി സ്കിറ്റ് യുട്യൂബിൽ നിന്നും കണ്ടു . ഒരു തവണയല്ല ഒരു പാട് തവണ കണ്ടു. ഞാൻ ഈ അടുത്ത കാലത്ത് കണ്ട ഒരു ക്ലാസിക് കോമഡിയാണത് .അമൃത ടി വി യിലേക്ക് വിളിച്ചാണ് വിനോദിന്റെ നമ്പർ വാങ്ങിയത്. വിനോദിന് നല്ല ഹ്യൂമർ സെൻസ് ഉണ്ട് . എനിക്ക് വേണ്ടി ഒരു സ്ക്രിപ്റ്റ് ചെയ്തൂടെ എന്നും കൂടി ചോദിച്ചപ്പോൾ . ഉള്ളിൽ സന്തോഷം അലതല്ലി. സിനിമാ സ്ക്രിപ്പ്റ്റ് ഒന്നും എനിക്ക് പറ്റുമോന്ന് തോന്നുന്നില്ല സാർ എനിക്ക് അഭിനയിക്കാനാണിഷ്ട്ടം . സാറിനെ കാണാൻ മൂന്ന് തവണ ഇവിടെ വന്നിട്ടുണ്ട് പക്ഷെ കാണാൻ സാധിച്ചിട്ടില്ല. സാറ് എനിക്ക് സാറിന്റെ സിനിമയിൽ അഭിനയിക്കാൻ ഒരു വേഷം തന്നാൽ മതി. എത്രയോ നാളത്തെ മോഹമാണ്. സാധിച്ചിട്ടില്ല. എന്ന് പറഞ്ഞപ്പോൾ സാറ് പറഞ്ഞത് ” എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ” എന്നായിരുന്നു. എന്റെ അടുത്ത സിനിമയിൽ വിനോദിന് ഒരു വേഷമുണ്ട് എന്താ പോരെ . സിനിമയിൽ വിനോദിന് ഒരു നായികയും ഉണ്ട് . നായിക ചില്ലറക്കാരിയല്ല അഭിനയത്തിൽ ദേശീയ അംഗീകാരം നേടിയ മല്ലികയാണ് എന്നു കൂടി കേട്ടപ്പോൾ എന്റെ സന്തോഷം ആകാശത്തോളം ഉയർന്നു . അങ്ങനെ … പുതിയ തീരങ്ങൾ എന്ന സിനിമയിൽ ഞാൻ വിക്കൻ ചന്ദ്രനായ് . മല്ലിക എന്റെ നായികയായ് . നാടകത്തിൽ എനിക്ക് മികച്ച നടനുള്ള ആദ്യ പുരസ്കാരം നേടി തന്ന ജാലകം എന്ന നാടകത്തിന്റ രചയിതാവും സംവിധായകനുമായ സതീഷ് കെ സതീഷിന്റ മകൻ എന്റെ ശിഷ്യനായും അഭിനയിച്ചു , ഷൂട്ടിംഗ് സമയത്തും ,സിനിമയുടെ ക്യാമറാ മാനോടും മറ്റ് പലരോടും സത്യൻ സാർ എന്റെ ജാലിയൻ കണാരൻ എന്ന സ്കിറ്റിനെ കുറിച്ച് പറയുന്നത് ഞാൻ കേട്ടു.
ഇത്രയും സിംബിൾ ആയിട്ടുള്ള ഒരു സംവിധായകൻ. നിരവധി നന്മയുള്ളസിനിമകൾ കലാമൂല്യമുള്ള സിനിമകൾ മലയാളത്തിന് സമ്മാനിച്ച സത്യൻ അന്തിക്കാടെന്ന പ്രഗല്ഭനായ സംവിധായകന്റെ ചിത്രത്തിൽ ഞാനും ഭാഗമായി.

Related posts

Leave a Comment