സജി ചെറിയാന്റെ ക്രൈസ്തവവിരുദ്ധ പ്രസ്താവന കേരളത്തോടുള്ള അവഹേളനം: വി.മുരളീധരൻ

കോഴിക്കോട്: പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അവഹേളിച്ച മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം കേരളസമൂഹത്തിന് അപമാനമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.

അസഭ്യം പറഞ്ഞ് പിണറായി വിജയനെ പ്രീതിപ്പെടുത്തി മെച്ചപ്പെട്ട വകുപ്പ് നേടാനാണോ സജി ചെറിയാന്റെ ശ്രമമെന്ന് കേന്ദ്രമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയുടെ മൗനം സഭയോടുള്ള സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്നതാണെന്നും വി.മുരളീധരൻ കോഴിക്കോട് പറഞ്ഞു.

പിണറായി വിജയൻ മന്ത്രിസഭയില്‍ ഗുണ്ടായിസം കാണിക്കുന്നവര്‍ക്കാണ് അംഗീകാരം എന്നതാണ് അവസ്ഥ. സജി ചെറിയാന്റെ ചരിത്രം എല്ലാവര്‍ക്കും അറിയാം.

പഴയ ആര്‍ഷോയാണ് പുതിയ സജി ചെറിയാനെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു. സകലഅരമനയും കയറി നിരങ്ങുന്ന വ്യക്തിയാണ് സജി ചെറിയാൻ.

അദ്ദേഹമാണ് രാജ്യത്തെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിരുന്നില്‍ പങ്കെടുത്തവരെ പരിഹസിക്കുന്നത്.

“എന്ത് പ്രഹസനമാണ് സജി” എന്നുമാത്രമേ ചോദിക്കാനുള്ളൂ എന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.

മണിപ്പൂര്‍ കലാപത്തിലെ സഭയുടെ നിലപാടില്‍ പുരോഹിതര്‍ തന്നെ വ്യക്തത വരുത്തിയതാണ്.

അതിലും വലിയ വിശദീകരണം പിണറായി വിജയനോ വി.ഡി. സതീശനോ നല്‍കേണ്ടതില്ല എന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സില്‍വര്‍ലൈൻ വരില്ല; വേഗയാത്രയ്ക്ക് വന്ദേഭാരത്

കേരളത്തില്‍ വേഗതയേറിയ ട്രെയിൻ സര്‍വീസ് വന്ദേഭാരതിലൂടെ സാധിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം മുൻപേ വ്യക്തമാക്കിയതാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.

കേരളത്തിലെ ജനങ്ങളെ കുടിയൊഴിപ്പിച്ച്‌ ഒരു പുതിയ റെയിലും കേന്ദ്രം കൊണ്ടുവരില്ല.

സില്‍വര്‍ ലൈനിനായി ഭൂമി വിട്ടുകൊടുക്കാനാകില്ലെന്ന റയില്‍വേയുടെ നിലപാടില്‍ അത്ഭുതപ്പെടാനില്ലെന്നും വി.മുരളീധരൻ പറഞ്ഞു.

Related posts

Leave a Comment