തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാംതരംഗമാണെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
ഡെല്‍റ്റ, ഒമിക്രോണ്‍ വ്യാപനം ഉണ്ട്. മൂന്നാംതരംഗത്തിലേക്ക് കടന്ന സാഹചര്യത്തില്‍ രണ്ടാഴ്ചക്കകം രോഗികളുടെ എണ്ണം ലക്ഷം കഴിഞ്ഞാലും അദ്ഭുതപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തല്‍. ഫെബ്രുവരി 15നകം രോഗവ്യാപനം ഉന്നതിയിലെത്തും. ജനങ്ങളുടെ ജാഗ്രതക്കുറവും വൈറസ് ഇന്ഫക്ഷന് തോത് വര്‍ധനവുമാണ് രോഗവ്യാപനം രൂക്ഷമാക്കിയത്. പുതുവത്സര, ക്രിസ്മസ് ആഘോഷങ്ങള്‍, പാര്‍ട്ടി സമ്മേളനങ്ങള്‍, തെരഞ്ഞെടുപ്പുകള്‍ എന്നിവ വ്യാപനം വര്‍ധിപ്പിച്ചു.
രണ്ടാംതരംഗത്തില്‍ ന്യുമോണിയ ബാധിതര്‍ കൂടുതലായിരുന്നെങ്കിലും ഒമിക്രോണില്‍ അത്തരം പ്രശ്നമില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഒമിക്രോണ്‍ ബാധിതര്‍ക്കും കോവിഡാനന്തര പ്രശ്നങ്ങളുണ്ട്. അതിനാല്‍ ജീവിതശൈലി രോഗമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഡെല്‍റ്റയേക്കാള്‍ 1.6 ഇരട്ടി വേഗത്തിലാണ് ഒമിക്രോണ്‍ വ്യാപനം. രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിക്കാത്തത് മാത്രമാണ് ആശ്വാസം. ഒമിക്രോണ്‍ ബാധിതര്‍ പെട്ടെന്ന് രോഗമുക്തരാകുന്നതും ആശ്വാസമാണെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു.
ഫെബ്രുവരി 15ന് മുമ്ബ് പാരമ്യത്തിലെത്തും -മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര വ്യാപനമാണെന്നും ഫെബ്രുവരി 15നകം പാരമ്യത്തില്‍ എത്തുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രണ്ടാംതരംഗത്തില്‍ വ്യാപനം 2.68 ആയിരുന്നപ്പോള്‍ ഇപ്പോള്‍ 3.12 ആണ്. അടുത്ത മൂന്നാഴ്ച ഏറെ നിര്‍ണായകമാണെന്നും മന്ത്രി മന്ത്രി പറഞ്ഞു. ജലദോഷം, പനി, ചുമ, തലവേദന, ശരീരവേദന ലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ കഴിയണം. മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം. എന്‍95 മാസ്ക്കോ, ഡബിള്‍ മാസ്ക്കോ ഉപയോഗിക്കണം. രോഗികളുടെ കൂടെ കൂടുതല്‍പേര്‍ ആശുപത്രിയില്‍ വരരുത്. ഇ-സഞ്ജീവനി സേവനങ്ങള്‍ പരമാവധി ഉപയോഗിക്കാം. മന്ത്രി പറഞ്ഞു.
നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് മന്ത്രിസഭ
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര കോവിഡ് വ്യാപനമാണെന്നും നിയന്ത്രണം കര്ക്കശമാക്കേണ്ടിവരുമെന്നും മന്ത്രിസഭ യോഗം വിലയിരുത്തി. നടപടികള്‍ വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകനസമിതി കൈക്കൊള്ളും. രണ്ടാം തരംഗത്തിന് വിരുദ്ധമായി ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം കാര്യമായി കുറവാണെന്ന് മന്ത്രിസഭ വിലയിരുത്തി.
ഐ.സി.യുവില്‍ 50 ശതമാനത്തോളം കിടക്കള്‍ ഒഴിവുണ്ട്. നേരിട്ട് കോവിഡ് രോഗികളാകുന്നവര്‍ കുറവാണ്. ചില നിയന്ത്രണം ആവശ്യമാണെന്നും വ്യാപനം നേരിടാന്‍ കനത്ത ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവലോകന യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്രവ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ന് ചേരുന്ന അവലോകനയോഗം കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങും. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ രാത്രികാല കര്‍ഫ്യു, വാരാന്ത്യ ലോക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ പരിഗണിച്ചേക്കും. കോളജുകള്‍ അടച്ചിടുക, സര്‍ക്കാര്‍ ഓഫിസുകളില്‍ പരമാവധി വര്‍ക്ക് ഫ്രം ഹോം നടപ്പാക്കുക, പൊതുസ്ഥലങ്ങളിലെയും പൊതുഗതാഗത സംവിധാനങ്ങളുടെ തിരക്ക് കുറക്കുക, കടകള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനസമയം കുറക്കുക തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കും.
10,11,12 ക്ലാസുകള്‍ മാത്രമാണ് വെള്ളിയാഴ്ച മുതല്‍ ഓഫ്ലൈനാകുന്നത്. ഈ ക്ലാസുകളും ഓണ്‍ലൈന്‍ ആക്കണമെന്ന ആവശ്യമുണ്ടെങ്കിലും വാര്‍ഷിക പരീക്ഷ ഉള്ളതിനാല്‍ പെട്ടെന്ന് തീരുമാനമെടുക്കാനിടയില്ല. രോഗവ്യാപന തോത് അടിസ്ഥാനത്തില്‍ പ്രാദേശിക അടച്ചിടലിനും സാധ്യതയുണ്ട്.