തിരുവനന്തപുരം: വരാനിരിക്കുന്ന സംസ്ഥാന കലാ- കായിക മേളകളില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയതായി വിദ്യാഭ്യാസ മന്ത്രി വി.
ശിവൻകുട്ടി. ഇനി മുതല്‍ സ്‌കൂള്‍ ഒളിമ്ബിക്‌സ് എന്ന പേരിലും വിപുലമായി പരിപാടികള്‍ നാല് വർഷം കൂടുമ്ബോള്‍ നടത്തുമെന്ന് വി. ശിവൻകുട്ടി പറഞ്ഞു.
എല്ലാ വർഷവും കായികമേള നടത്തും. ഇതിന് പുറമെയാണ് നാല് വർഷത്തിലൊരിക്കല്‍ സ്‌കൂള്‍ ഒളിമ്ബിക്‌സ് നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
സ്‌കൂള്‍ കലാ-കായിക മേളകളില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ അറിയിക്കുന്നതിനായി നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
” ഇത്തവണ സ്‌കൂള്‍ ഒളിമ്ബിക്‌സും, കായിക മേളയും ഒരുമിച്ച് നടത്തും. ഒക്ടോബർ 18,19,20,21,22 തീയതികളിലാണ് സംസ്ഥാന സ്‌കൂള്‍ കായികമേളകള്‍ സംഘടിപ്പിക്കുന്നത്.
ഡിസംബർ മാസം തിരുവനന്തപുരത്ത് സംസ്ഥാന കലോത്സവവും നടക്കും. ഇത്തവണത്തെ സംസ്ഥാന കലോത്സവത്തില്‍ ഒരു തദ്ദേശീയ കലാരൂപം കൂടി ( ഗോത്ര വർഗ കലാരൂപം) ഉള്‍പ്പെടുത്തും.
കലോത്സവത്തിന്റെ തീയതി പിന്നീട് അറിയിക്കുന്നതാണ്.
ആദ്യത്തെ സ്‌കൂള്‍ ഒളിമ്ബിക്‌സ് എന്ന നിലയിലാണ് ഇത്തവണത്തെ കായികമേള സംഘടിപ്പിക്കുന്നത്.”- വി. ശിവൻകുട്ടി പറഞ്ഞു.
അക്കാദമിക് വർഷത്തെ സംബന്ധിച്ചുള്ള പരിഷ്‌കാരങ്ങളും മന്ത്രി വാർത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
അംഗീകാരം ലഭിക്കാത്ത അദ്ധ്യാപക നിയമനമടക്കമുള്ള ഫയലുകളില്‍ തീർപ്പ് കല്‍പ്പിക്കാൻ അദാലത്തുകള്‍ നടത്തും.
ഹയർ സെക്കൻഡറികളില്‍ പാഠ്യപദ്ധതി പരിഷ്‌കരണം ഈ മാസം മുതല്‍ ആരംഭിക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു.