സംസ്ഥാന സര്‍ക്കാരിന്‍റെ ഭക്ഷ്യകിറ്റ് വിതരണം തിരുവോണത്തിന് മുമ്പ് പൂര്‍ത്തിയാകില്ല.16 ഇന കിറ്റിലെ ചില ഉത്പന്നങ്ങളുടെ ലഭ്യത കുറവാണ് കാരണം.

വരുന്ന രണ്ട് ദിവസങ്ങളില്‍ പരമാവധി കിറ്റ് തയ്യാറാക്കി വിതരണം 75 ശതമാനവും പൂര്‍ത്തിയാക്കാനാണ് സപ്ലൈകോയുടെ ശ്രമം. ഓണത്തിന് ശേഷവും കിറ്റ് വിതരണം തുടരുമെന്ന് സപ്ലൈകോ സിഎംഡി അറിയിച്ചു.
കഴിഞ്ഞ 16ആം തിയതിക്കുള്ളില്‍ സംസ്ഥാനത്തെ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യകിറ്റ് എത്തിക്കണമെന്ന ലക്ഷ്യത്തിലായിരുന്നു സപ്ലൈകോ പ്രവര്‍ത്തനങ്ങള്‍. ഏലയ്ക്കാ ,ശര്‍ക്കരവരട്ടി പോലുള്ള ചില ഉത്പന്നങ്ങളുടെ ലഭ്യത കുറവ് ആ കണക്കുകൂട്ടല്‍ തെറ്റിച്ചു. റേഷന്‍കടകളില്‍ കഴിഞ്ഞ 31ആം തിയതി വിതരണം തുടങ്ങിയെങ്കിലും കാര്‍ഡ് ഉടമകളില്‍ 50 ശതമാനത്തോളം പേര്‍ക്കാണ് ഇത് വരെ കിറ്റ് നല്‍കാനായത്.
സംസ്ഥാനത്ത് വിതരണത്തിന് പ്രതീക്ഷിക്കുന്ന 85ലക്ഷം കിറ്റില്‍ ഇത് വരെ 48 ലക്ഷം കിറ്റുകള്‍ ഉടമകള്‍ കൈപ്പറ്റി. ഉത്രാടം ദിവസം വരെ പരമാവധി കിറ്റുകള്‍ തയ്യാറാക്കി 60 ലക്ഷം ഉടമകള്‍ക്ക് കിറ്റ് കൈമാറാനാകുമെന്നാണ് സപ്ലൈകോ പ്രതീക്ഷ. ഇതിനായി സംസ്ഥാനത്ത് 1000ത്തിലധികം പാക്കിംഗ് സെന്‍ററുകള്‍ സജീവമാണ്. ബിപിഎല്‍ കാര്‍ഡ് ഉടമകളില്‍ ഭൂരിഭാഗം പേര്‍ക്കും കിറ്റ് കൈമാറിയെന്ന് സപ്ലൈകോ സിഎംഡി വ്യക്തമാക്കി. ഈ മാസം അവസാനം വരെയും കിറ്റ് വിതരണം തുടരും.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ കിറ്റിലെ ഉത്പന്നങ്ങളെ ചൊല്ലിയുള്ള ആക്ഷേപങ്ങള്‍ കുറഞ്ഞതിന്‍റെ ആശ്വാസത്തിലാണ് സപ്ലൈകോ. ഗുണനിലവാരം ഉറപ്പാക്കാന്‍ രണ്ട് തലത്തിലുള്ള പരിശോധന നടത്തിയതാണ് ഇക്കുറി തുണച്ചത്.

Related posts

Leave a Comment