സംസ്ഥാനത്ത് മഴ തുടരും; ഇന്നലെ തലസ്ഥാനം മുങ്ങി, ജില്ലകളില്‍ മഞ്ഞ, ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശ്കതമായ മഴ തുടരാന്‍ സാധ്യത. തെക്ക് കിഴക്കന്‍ അറബി കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായാണ് മഴ തുടരുന്നത്. ഇന്നലെ വൈകുന്നേരത്തോടെ തെക്കന്‍ കേരളത്തില്‍ പെയ്ത കനത്ത മഴയില്‍ തിരുവനന്തപുരം നഗരം വെള്ളത്തിനടിയിലായി. വടക്കന്‍ കേരളത്തിലും വൈകുന്നേരത്തോടെ കനത്ത മഴ ലഭിച്ചു.

തിരുവനന്തപുരത്ത് തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരവും ട്രാക്കും ഉള്‍പ്പടെ വെള്ളത്തിനടിയിലായി. കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, എസ് എസ് കോവില്‍ റോഡ്, തിരുവിള വലിയവിള റോഡ് തുടങ്ങിയ സ്ഥലങ്ങള്‍ വെള്ളക്കെട്ടിലായി. തെക്കന്‍ കേരളത്തിന്റെ തീരദേശ മേഖലകളില്‍ കനത്ത മഴയാണ് ഇന്നലെ ലഭിച്ചത്.

ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ലഭിക്കുന്ന മഴ വരും ദിവസങ്ങളിലും തുടരും. കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും നാളെ മുതല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജാഗ്രതാ നിര്‍ദേശമുണ്ട്. ഇന്ന് ഇടുക്കി ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ മഞ്ഞ ഓറഞ്ച് അലര്‍ട്ടുകള്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചു. മേയ് 14ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മേയ് 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് 11ന് ഇടുക്കി, മലപ്പുറം, മേയ് 13 ന് തിരുവനന്തപുരം ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മേയ്‌ 14 ന് രാവിലെയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപിനു സമീപം വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം മേയ്‌ 16 ഓടെ ഈ വര്‍ഷത്ത ആദ്യത്തെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related posts

Leave a Comment