കൊച്ചി: സംസ്ഥാനത്ത് ജൂൺ ഏഴു മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്.
വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് ഉയർത്തണമെന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
12 ഓളം ബസ് ഉടമാ സംഘടനകളുടെ നേതൃത്വത്തിലാണ് സംയുക്ത സമരസമിതി രൂപീകരിച്ചത്.
7500 ഓളം ബസുകൾ സംഘടനയുടെ കീഴിൽ സംസ്ഥാനത്ത് സർവീസ് നടത്തുന്നുണ്ടെന്നും ഇതിൽ 90 ശതമാനം ബസുകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്നും സംയുക്ത സമരസമിതി ഭാരവാഹികൾ പറഞ്ഞു.
നിലവിൽ സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടെയും പെർമിറ്റ് അതേപടി നിലനിർത്തണം, വിദ്യാർഥികളുടെ മിനിമം കൺസെഷൻ നിരക്ക് അഞ്ചു രൂപയാക്കണം, വിദ്യാർഥികളുടെ കൺസെഷന് പ്രായപരിധി നിശ്ചയിക്കണം, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ തുടരാൻ അനുവദിക്കണം,
വിദ്യാർഥികൾക്കു നൽകുന്ന കൺസെഷൻ കാർഡ് കുറ്റമറ്റതാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്കിന് ആഹ്വാനം ചെയ്തത്.
സംസ്ഥാനത്ത് പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കെയാണ് ബസ് ഉടമകൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
തൃശൂരിൽ തേക്കിൻകാട് മൈതാനിയിൽ ഈ മാസം 24 ന് നടക്കുന്ന സമരപ്രഖ്യാപന കൺവെൻഷനിൽ ബസുകൾ സർവീസ് നിർത്തിവെച്ചുള്ള സമരത്തീയതി പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ കഴിഞ്ഞദിവസം വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.