തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള തീരത്ത് മണിക്കൂറില്‍ നാല്‍പത് മുതല്‍ അന്‍പത് കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് ഒഴികെ മറ്റ് പത്ത് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇടുക്കിയില്‍ രണ്ട് അണക്കെട്ടുകള്‍ രാവിലെ തുറക്കും. പാംബ്ല, കല്ലാര്‍കുട്ടി അണക്കെട്ടുകളുടെ ഓരോ ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുന്നതും വരും ദിവസങ്ങളില്‍ മഴ ശക്തമാകാനുള്ള സാഹചര്യവും മുന്‍നിര്‍ത്തിയാണ് നടപടി. പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.