സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതഅരുവിക്കര ഡാ൦ തുറന്നു, ജാഗ്രത നിര്‍ദേശം;

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ എന്നീ ‌ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.തിരുവനന്തപുരത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ന​ഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. കരമനയാറിലും കൈവഴികളിലും ജലനിരപ്പ് ഉയര്‍ന്നു. ആറിന്റെ കരകളിലെ വീടുകളും കൃഷിസ്ഥലങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. തിരുവനന്തപുരം നഗരത്തിലെ അട്ടക്കുളങ്ങര ബൈപ്പാസ്,​ ചാലക്കമ്ബേളത്തിലേക്കുള്ള റോഡ് എന്നിവയും സമീപത്തെ കരിമഠം കോളനി,​ ബണ്ട് കോളനി എന്നിവിടങ്ങളിലെ വീടുകളും വെള്ളത്തിനടയിലായി. അട്ടക്കുളങ്ങര ബൈപ്പാസ് റോഡിലും വെള്ളം ഉയര്‍ന്നിട്ടുണ്ട്. ഇവിടെ നിന്ന് കരിമഠം കോളനിയിലേക്കുള്ള റോഡും വെളളത്തിനടിയിലാണ്.ഇവിടങ്ങളില്‍ നിന്ന് താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ജില്ലാ ഭരണകൂടത്തിന്റെയും നഗരസഭയുടെയും നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. നിര്‍മാണത്തിലിരിക്കുന്ന കഴക്കൂട്ടം – കാരോട് ബൈപ്പാസില്‍ ഈഞ്ചയ്ക്കലുള്‍പ്പെടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന പല സ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങി. നഗരത്തിലും റൂറല്‍ മേഖലകളിലും മരങ്ങള്‍ കടപുഴകി വീണും വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. തമ്ബാനൂര്‍,​ പട്ടം,​ ഉള്ളൂര്‍ എന്നിവിടങ്ങളിലും ആറ്റിങ്ങല്‍, കോരാണി, തോന്നയ്ക്കല്‍ ഭാഗങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് വ്യാപക നാശമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. വൈദ്യുതി ലൈനുകള്‍ക്കും ചില കെട്ടിടങ്ങള്‍ക്കും തകരാറുകളുണ്ടായി.

വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ അരുവിക്കര ഡാമിലെ അഞ്ച് ഷട്ടറുകള്‍ തുറന്നു. നാല് ഷട്ടറുകള്‍ 1.25 മീറ്റര്‍ വീതവും അഞ്ചാമത്തെ ഷട്ടര്‍ ഒരു മീറ്ററുമാണ് തുറന്നത്. ഷട്ടര്‍ തുറന്നത് മൂലം കരമനയാറ്റില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വാട്ടര്‍ അതോറിട്ടി അറിയിച്ചു. ഷട്ടറുകള്‍ ഉയര്‍ത്തിയെങ്കിലും മഴ തുടരുന്നതിനാല്‍ ഡാമിലെ ജലനിരപ്പില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. ഇതേപടി മഴ തുടര്‍ന്നാല്‍ നെയ്യാറിന്റെ ഷട്ടറുകളും ഇന്നുച്ചയോടെ തുറക്കുമെന്നാണ് സൂചന. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്. അടുത്ത മൂന്നുമണിക്കൂറില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ആറിന്റെ കരകളിലും താഴ്ന്ന സ്ഥലങ്ങളിലും കഴിയുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

അതേസമയം കാരാപ്പുഴ ഡാമിലെ ഷട്ടറുകള്‍ നാളെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് ഷട്ടറുകള്‍ അഞ്ച് സെന്‍റീമീറ്റര്‍ വീതം നാളെ രാവിലെ 11 മണി മുതല്‍ തുറന്ന് വിടാനാണ് തീരുമാനിച്ചിരിക്കുന്നത്. വെള്ളം ഒഴുകി പോകുന്ന പുഴയ്ക്ക് സമീപത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാരാപ്പുഴ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Related posts

Leave a Comment