തിരുവനന്തപുരം: ഉറവിടം കണ്ടെത്താന്‍ കഴിയാത്ത രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നു.പ്രധാന മാര്‍ക്കറ്റുകളിലും കണ്ടെയ്ന്‌മെന്റ് സോണുകളിലും കടുത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കണ്ടെയ്ന്‌മെന്റ് സോണുകള്‍ ഉള്‍പ്പെട്ടതോടെ തൃശൂര്‍ നഗരം ഭാഗികമായി അടച്ചിരിക്കുകയാണ്.
നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസുകാരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ച് ഒഴികെയുളള മുഴുവന്‍ പൊലീസുകാരേയും രംഗത്തിറക്കും. നഗര പ്രദേശങ്ങളിലും ആള്‍ക്കൂട്ടങ്ങള്‍ ഉള്ളിടത്തും കൂടുതല്‍ പൊലീസിനെ വിന്യസിക്കും.ഇനി ഉപദേശം വേണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കാനുമാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കൂട്ട പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. സാമൂഹിക അകലം, മാസ്കുപയോഗം തുടങ്ങിയ നിയന്ത്രണങ്ങള്‍ കാര്യമായി പാലിക്കാത്ത ഇടങ്ങളാണ് പല മാര്‍ക്കറ്റുകളുമെന്ന് വ്യക്തമായതിനാലാണ് ഇവിടങ്ങളില്‍ പരിശോധന കൂടുതല്‍ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.പരിശോധന കൂടാതെ പ്രവാസികള്‍ എത്തിച്ചേരുന്ന വിമാനത്താവളങ്ങളില്‍ ആന്റിബോഡി ടെസ്റ്റും ആരംഭിക്കും. ഇത് പോസീറ്റാവായാല്‍ വിശദ പരിശോധനയ്ക്ക് വിധേയരാകണം.