കാലവർഷക്കെടുതിയുടെ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി. വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നൽകുന്നു.
വൈദ്യുതി അപകടങ്ങൾ ഉണ്ടായാൽ എമർജൻസി നമ്പറായ 9496010101-ൽ അറിയിക്കണം. കഴിഞ്ഞ ദിവസമുണ്ടായ തീവ്രമായ മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീണും മരക്കൊമ്പുകൾ ഒടിഞ്ഞു വീണും നൂറുകണക്കിനു വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ തകരുകയും ചെയ്തിട്ടുണ്ട്. ആലപ്പുഴ ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. കൊല്ലം, തിരുവനന്തപുരം, എറണാകുളം തുടങ്ങിയ ജില്ലകളിലും വൈദ്യുതി സംവിധാനത്തിന് വലിയതോതിൽ നഷ്ടമുണ്ടായി.
ആശുപത്രികളിലേക്കും കൊവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്കും ഓക്‌സിജൻ പ്ലാന്റുകളിലേക്കുമുള്ള വൈദ്യുതിബന്ധം അതിവേഗം പുനഃസ്ഥാപിക്കുകയും വൈദ്യുതി മുടങ്ങാതിരിക്കാൻ ജാഗ്രത പുലർത്തുകയും ചെയ്യുന്നുണ്ടെന്നും ബോർഡ് അറിയിച്ചു.