സംസ്ഥാനങ്ങളെ ഒരിക്കലും കൈവിടില്ല; 15 ദിവസത്തിനകം രണ്ട് കോടി ഡോസ് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വാക്സിന്‍ ക്ഷാമം കൊണ്ട് പൊറുതിമുട്ടുന്ന സംസ്ഥാനങ്ങള്‍ക്ക് ആശ്വാസവുമായി കേന്ദ്ര സര്‍ക്കാര്‍. അടുത്ത 15 ദിവസത്തിനകം 1.92 കോടി വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കൊവിഷീല്‍ഡ്,​ കൊവാക്‌സിന്‍ എന്നീ രണ്ട് വാക്‌സിനുകളുമാണ് സൗജന്യമായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുക. മേയ് 16നും 31നുമിടയില്‍ ഇത് നല്‍കുമെന്ന് കോന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.

ഇവ നല്‍കുന്നതിന് മുന്‍പ് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും അറിയിക്കുമെന്നും സംസ്ഥാനങ്ങള്‍ പരമാവധി വാക്‌സിന്‍ നഷ്‌ടപ്പെടുത്താതെ ഉപയോഗിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ആകെ 191.99 ലക്ഷം ഡോസുകളാണ് വിതരണം ചെയ്യുക. 162.5 ലക്ഷം കൊവിഷീല്‍ഡും 29.49 ലക്ഷം കൊവാക്‌സിനും. സംസ്ഥാനങ്ങളുടെ ഉപയോഗത്തിനനുസരിച്ചാണ് വിതരണം ചെയ്യുകയെന്ന് ജാവദേക്കര്‍ അറിയിച്ചു. മേയ് ഒന്നിനും 15നുമിടയില്‍ 1.7 കോടി ഡോസ് വാക്‌സിനാണ് കേന്ദ്ര സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. ഇതുകൂടാതെ 4.39 കോടി ഡോസ് വാക്‌സിന്‍ നേരിട്ട് വാങ്ങാനും സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും ഈ മാസം അനുമതി നല്‍കി.

രാജ്യത്ത് ഇതുവരെ 18 കോടി കൊവിഡ് വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്. ലോകത്ത് ഇത്രവേഗം ഇത്രയധികം ഡോസുകള്‍ വിതരണം ചെയ്‌ത രാജ്യമില്ല. 114 ദിവസം കൊണ്ടാണ് ഇത്ര ഡോസുകള്‍ നല്‍കിയത്. അമേരിക്ക 115 ദിവസങ്ങള്‍ കൊണ്ടും ചൈന 119 ദിവസങ്ങള്‍ കൊണ്ടുമാണ് ഇത്രയും ഡോസുകള്‍ നല്‍കിയിരുന്നത്.

Related posts

Leave a Comment