സംസ്ഥാനങ്ങളെ അടിച്ചമര്‍ത്തുന്നതിന് എതിരായ സമരങ്ങളുടെ തുടക്കം: മുഖ്യമന്ത്രി

ന്യുഡല്‍ഹി: കേന്ദ്ര അവഗണനയ്‌ക്കെതിരായ എല്‍ഡിഎഫിന്റെ ഡല്‍ഹി പ്രതിഷേധം തുടങ്ങി.

സംസ്ഥാനങ്ങളെ അടിച്ചമര്‍ത്തുന്നതിന് എതിരായ സമരങ്ങളുടെ തുടക്കമാണിതെന്ന് ജന്തര്‍ മന്തറില്‍ സമരവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ചെലവുകളുടെ ഭാരം സംസ്ഥാനം ഒറ്റയ്ക്ക് വഹിക്കേണ്ടിവരുന്നു. ലൈഫ് മിഷന്‍ വീടുകള്‍ ഔദാര്യമായി നല്‍കുന്നുവെന്ന പ്രതീതി കേന്ദ്രം സൃഷ്ടിക്കുന്നു.

ബ്രാന്‍ഡിംഗ് ഇല്ലെങ്കില്‍ നാമമാത്ര വിഹിതം നല്‍കില്ലെന്ന് ശഠിക്കുന്നു. ഇത് കേരളം അനുവദിക്കില്ല. ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണം.

നല്ല പ്രകടനം കാഴ്ചവയ്ക്കുന്ന കേരളത്തിന് സാമ്ബത്തിക ഉപരോധമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേരളം എന്തുകൊണ്ട് ഇത്തരമൊരതു സമരത്തിലേക്ക് വന്നുവെന്ന് പറയാതിരിക്കുന്നത് അനൗചിത്യമാകും എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗത്തിലേക്ക് കടന്നത്.

രാജ്യത്തിന്റെ ആകെ വരുമാനത്തില്‍ സംസ്ഥാനത്തിനുള്ള ഓഹരി പരിമിതപ്പെടുത്തിവരികയാണ്.

കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായാണ് ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിക്കുന്നത്.

സംസ്ഥാന വിഷയങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തുന്നില്ല. ഓരോ ധനകമ്മീഷന്‍ കഴിയുമ്ബോള്‍ സംസ്ഥാനത്തിന്റെ വിഹിതം കുത്തനെ ഇടിയുകയാണ്.

ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ വിഹിതം വെട്ടിക്കുറയ്ക്കല്‍, ജനസംഖ്യ നിയന്ത്രണത്തിലും വലിയ നേട്ടമുണ്ടാക്കി.

നേട്ടത്തിന് ശിക്ഷ. ഇത് ലോകത്ത് മറ്റൊരിടത്തും കാണാന്‍ കഴിയാത്ത പ്രതിഭാസമാണ്.

വിവിധ ഇനങ്ങളില്‍ ലഭിക്കേണ്ട തുകകള്‍ വൈകിക്കുകയാണ്. യുജിസി ശമ്ബള പരിഷ്‌കരണം,

തദ്ദേശ സ്ഥാപനങ്ങളുടെ വികസന പദ്ധതികള്‍, നെല്ല് സംഭരണം, ദുരിതാശ്വാസ പ്രവര്‍ത്തനം, കാപെക്‌സ് അടക്കം 7490 കോടി രൂപയാണ് തടഞ്ഞുവച്ചിരിക്കുന്നത്.

ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്.

കിഫ്ബി രൂപീകരിക്കപ്പെട്ടത് വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ്. ബജറ്റിനു പുറമേയാണ് ഇവയുടെ പ്രവര്‍ത്തനം.

എന്നാല്‍ ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്ത് വായ്പയെടുക്കല്‍ പരിധി പരിമിതപ്പെടുത്തുകയാണ്.

ഇടക്കാല ബജറ്റില്‍ കേരളത്തോട് തികഞ്ഞ അവഗണനയാണ്. കേന്ദ്രത്തിന്റെ സമീപനം കേരളത്തിന്റെ സമ്ബദ്ഘടനയെ തകര്‍ക്കും.

പ്രളയകാല അതിജീവന പാക്കേജ് നല്‍കിയില്ല. പ്രളയകാലത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് പണം ഈടാക്കി. വിതരണം ചെയ്ത ഭക്ഷ്യധാന്യത്തിന്റെ പണം പോലും പിടിച്ചുപറിച്ചുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

സാമ്ബത്തിക പ്രതിസന്ധി സംസ്ഥാനത്തിന്റെ ധൂര്‍ത്തിന്റെ ഫലമാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റ വിമര്‍ശനത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി.

സംസ്ഥാനത്തിന്റെ തനത് വരുമാനം വര്‍ധിച്ചു. ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയതാണോ സാമ്ബത്തിക കെടുകാര്യസ്ഥത.

നികുതി വരുമാനത്തില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട വിഹിതത്തില്‍ വലിയ വിവേചനം കാണിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഗവര്‍ണര്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനവും മുഖ്യമന്ത്രി ഉന്നയിച്ചു.

സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി, പ്രകാശ്, കാരാട്ട്, ബൃന്ദാ കാരാട്ട്, എം.എ ബേബി, സംസ്ഥാന

സെക്രട്ടറി എം.വി ഗോവിന്ദന്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം,

കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.മാണി, മറ്റ് ഘടകകക്ഷി നേതാക്കള്‍, മന്ത്രിമാര്‍, എം.പിമാര്‍,

ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി തോമസ്, തമിഴ്‌നാട് ഐടി മന്ത്രി, നാഷണല്‍ കോണ്‍ഫറന്‍സ്

നേതാവ് ഫാറൂഖ് അബ്ദുള്ള, ഇടതു അനുകൂല സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

Leave a Comment