സംസ്ഥാനം വാക്‌സിന്‍ ചലഞ്ചിലൂടെ സമാഹരിച്ചത് 817 കോടി; കെ ജെ മാക്‌സി എം എല്‍ എയുടെ ചോദ്യത്തിനാണ് ധനമന്ത്രിയുടെ മറുപടി

വാക്‌സിന്‍ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലെക്ക് 817 കോടി രൂപ ലഭിച്ചതായി ധനമന്ത്രി. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ 29.29 കോടിരൂപയുടെ വാക്‌സിന്‍ കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങിയതായി മന്ത്രി പറഞ്ഞു.

ജൂലൈ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ദുരിതാശ്വാസ നിധിയില്‍ 817.50 കോടിരൂപയാണ് ലഭിച്ചത്. നിയമസഭയില്‍ കെ ജെ മാക്‌സി എം എല്‍ എ ചോദിച്ച ചോദ്യത്തിനാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മറുപടി നല്‍കിയത്.

സംസ്ഥാനത്ത് എല്ലാവർക്കും കോവിഡ് വാക്സിൻ ലഭ്യമാക്കുക എന്ന നയത്തിന്റെ ഭാഗമായി ധനവകുപ്പിന് ചെലവായ തുക എത്രയെന്നും വാങ്ങിയ വാക്സിന്റെ അളവ് എത്രയെന്നും വ്യക്തമാക്കാമോയെന്നാവശ്യപ്പെട്ട് കെ.ജെ. മാക്സി എം.എൽ.എയാണ് ചോദ്യങ്ങൾ ഉന്നയിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2020 മാർച്ച് 27 മുതൽ 2021 ജൂലായ് 30 വരെയുള്ള കാലയളവിലാണ് 817.50 കോടി രൂപ സംഭാവനയായി ലഭിച്ചതെന്നും ധനമന്ത്രി നൽകിയ മറുപടിയിൽ പറയുന്നു.

ആകെ 13,42,540 ഡോസ് വാക്സിനാണ് സംഭരിച്ചത്. 8,84,290 ഡോസ് കോവിഡ് വാക്‌സിന്റെ വിലയായി 29,29,97,250 രൂപ വാക്സിൻ കമ്പനികൾക്ക് നൽകി.

നടപ്പ് സാമ്പത്തിക വർഷം 324 കോടി രൂപ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് സർക്കാർ അനുവദിച്ചിരുന്നു.

ഇതിൽ നിന്ന് പി.പി.ഇ.കിറ്റുകൾ, കോവിഡ് പരിശോധനാ കിറ്റുകൾ, കോവിഡ് വാക്സിൻ, ക്രിട്ടിക്കൽ കെയർ എക്യുപ്‌മെന്റ് എന്നിവ സംഭരിക്കുന്നതിന് 318.27 കോടിരൂപ ചെലവഴിക്കാനും അനുമതി നൽകി.

രാജ്യത്തെ നിലവിലുള്ള വാക്സിൻ നയം പ്രകാരം 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമാണെന്നും ധനമന്ത്രി പറഞ്ഞു.

18-നും 44-നും ഇടയിൽ പ്രായമുള്ളവർക്കായി സംസ്ഥാന സർക്കാരുകൾ കമ്പനികളിൽനിന്ന്‌ വാക്സിൻ നേരിട്ട് വാങ്ങണമെന്ന് കേന്ദ്രസർക്കാർ നയപരമായ തീരുമാനമെടുത്തിരുന്നു.

ഇതേ തുടർന്നാണ് വാക്സിൻ വാങ്ങിയത്. പിന്നീട് കേന്ദ്രം നയംമാറ്റുകയും വാക്സിൻ സൗജന്യമാക്കുകയുമായിരുന്നു.

Related posts

Leave a Comment